ജിപ്‌സിയുടെ പകരക്കാരനാകാന്‍ ജിംനി വരുന്നു; വാഹന പ്രേമികള്‍ ആകാംക്ഷയില്‍

രുകാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ ഹരമായിരുന്ന മാരുതി സുസുക്കി ജിപ്‌സിയെ അതികമാരും മറക്കാന്‍ ഇടയില്ല. ഇന്ന് നിരത്തുകളില്‍ സജീവമല്ലെങ്കിലും ഇന്ത്യന്‍ ആര്‍മിയുടെ പ്രിയ വാഹനമാണ് ജിപ്‌സി.

80കളിലും 90കളിലും നിരത്തുകള്‍ വിലസിയിരുന്ന ജിപ്‌സിയുടെ ഉത്പാദനം ഔദ്യോഗികമായി നിര്‍ത്തുമെന്നു മാരുതി സുസുക്കി പ്രഖ്യാപിച്ചു കഴിഞ്ഞു. ജിപ്‌സിക്ക് പകരക്കാരനായി സുസുക്കിയുടെ എസ്‌യുവി ജിംനി ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുമെന്നാണ് വിവരം

സുസുക്കിയുടെ പുത്തന്‍ മോഡലായ ജിംനിയുടെ പേരില്‍ ഇടക്കിടെ സോഷ്യല്‍ മീഡിയയിയലും ചിത്രങ്ങളും പ്രചരിച്ചിരുന്നു. വാഹനലോകവും വാഹനപ്രേമികളും കൗതുകത്തോടയൊണ് ഈ വാര്‍ത്തകളെ ഉറ്റു നോക്കുന്നത്. ത്രീ ഡോര്‍ എസ്‌യുവിക്ക് ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര ഡിമാന്റില്ലെന്നും അതുകൊണ്ട് തന്നെ ഈ വാഹനം ഇന്ത്യയിലെത്തില്ലന്നുമായിരുന്നു കമ്പനി മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ജിംനി ഇന്ത്യയിലെത്താന്‍ സാധ്യത തെളിയുന്നതായാണ് പുതിയ വാര്‍ത്തകള്‍.

മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ ജിംനി നിര്‍മിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ജിംനിയുടെ ഇന്ത്യന്‍ വരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നില്‍. നിലവില്‍ ജപ്പാനിലെ സുസുക്കിയുടെ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ജിംനി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. ഇത്തരത്തില്‍ ഇന്ത്യയിലും നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ പുറത്തു വരുന്ന വിവരം.

അടിമുടി മാറ്റങ്ങളുമായാട്ടാണ് ജിംനി എത്തിയിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ നിറമാണ് എക്സ്റ്റീരിയറിന്. 5 സ്റ്റ്‌ളാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍ എന്നിവ അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. ഷോര്‍ട്ട് ബോണറ്റ് ഡിഫന്‍ഡറിന് സമാനമാണ്. പിന്‍ഭാഗത്ത് നടുവിലായി നല്‍കിയ സ്‌പെയര്‍ ടയര്‍, ബംമ്പറിലെ ടെയില്‍ ലൈറ്റ് എന്നിവ ജി വാഗണിനെ ഓര്‍മ്മപ്പെടുത്തും. അകത്തളം കൂടുതല്‍ പ്രീമിയം ലുക്ക് കൈവരിച്ചു. ത്രീ സ്‌പോക്കാണ് സ്റ്റിയറിങ്ങ് വീല്‍. ട്വിന്‍ ഡയര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിവ പ്രൗഡി കൂട്ടൂം.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

Top