suzuki jimny fourth generation

ഇന്ത്യയില്‍ സുസുക്കിയെന്ന് കേള്‍ക്കുമ്പോഴും ആദ്യം മനസ്സില്‍ ഓടിയെത്തുക മാരുതി തന്നെയായിരിക്കും. അത്രയ്ക്ക് ഇണചേര്‍ന്നു കിടക്കുകയാണവ. എന്നാല്‍ സുസുക്കിയുടെ ഏറ്റവും പ്രധാന വിപണിയാണ് ഇന്ത്യയെങ്കിലും നമുക്ക് അന്യമായ ചില സുസുക്കി മോഡലുകളുണ്ട്, അവരുടെ ആഗോള ബ്രാന്‍ഡുകളെ നിരീക്ഷിക്കുന്നവര്‍ക്ക് മാത്രം പരിചിതമായത്.

അത്തരമൊരു എസ്.യു.വിയാണ് ജിംനി. 2002ല്‍ ഇവിടെ ഓട്ടോ എക്‌സ്‌പോയില്‍ ഒരു നോക്കുകാണിച്ച് തിരിച്ചുകൊണ്ടുപോയെങ്കിലും ഇങ്ങോട്ടവനെ വിട്ടില്ല. അതേസമയം ബ്രിട്ടനിലും മറ്റും ഓടിത്തകര്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഈ എന്‍ട്രിലെവല്‍ എസ്.യു.വിയുടെ പുതുതലമുറയെ നമുക്കു വിട്ടുതരികയാണ് സുസുക്കി. ജിപ്‌സിക്കും വിറ്റാരയ്ക്കും ഇടയിലായിരിക്കും ജിംനിയുടെ സ്ഥാനം. നാലാം തലമുറയാണ് ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതിക്കൊരുങ്ങുന്നത്.

ജിപ്‌സിയുടെ ഇളയ സഹോദരന്‍ എന്നുവേണമെങ്കില്‍ ജിംനിയെ വിളിക്കാം. അതുകൊണ്ടുതന്നെ ജിപ്‌സിയെ പരിചയമുള്ളവര്‍ക്ക് ജിംനിയെ സങ്കല്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ജിംനിയോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണത്.

അതേസമയം ഇന്ത്യയില്‍ ജിംനി എന്ന പേര് നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. സമുറായ് എന്ന പേരിനും സാധ്യതയുണ്ട്. അതല്ലെങ്കില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ജിപ്‌സി എന്ന പേരിനെ തിരികെ കൊണ്ടുവരാനും മതി. 1970ല്‍ പിറവികൊണ്ട ജിംനിയുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ ഓടുന്നത്.

1998 മുതല്‍ ഇവനാണ് ജിംനിയുടെ കൊടി പാറിക്കുന്നത്. ജിംനിയുടെ ആദ്യ തലമുറ 1981 വരെ 11 വര്‍ഷം നിറഞ്ഞുനിന്നു. കൂടിയ വീല്‍ബേസുമായെത്തിയ, ജിപ്‌സി എന്നറിയപ്പെട്ട രണ്ടാം തലമുറ 1998 വരെയുണ്ടായിരുന്നു. ഓഫ് റോഡര്‍ എന്നു പറയാവുന്ന തരത്തിലായിരുന്നു പരിണാമം.

ഇന്ത്യ കാത്തിരിക്കുന്ന നാലാം തലമുറ ബലേനൊയുടെയും ഇഗ്‌നിസിന്റെയും പ്ലാറ്റ്‌ഫോമിലായിരിക്കും. യഥാര്‍ത്ഥ ഓഫ്‌റോഡറായി ഓള്‍വീല്‍ ഡ്രൈവോടെയായിരിക്കും ജിംനിയുടെ ഇന്ത്യന്‍ അരങ്ങേറ്റം. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരിക്കും തുടക്കത്തില്‍ ഉണ്ടാകുക.

ഡീസല്‍ പ്രേമികള്‍ക്കായി കരുത്തു കൂടിയ 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് വേരിയന്റും പരിഗണനയിലുണ്ട്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കണ്ടേക്കും. ബിഎസ് ആറ് മോഡലായിട്ടായിരിക്കും ഇന്ത്യയിലെ വില്പന. നാല് ഡോര്‍, വലിപ്പം കൂട്ടിയ വീല്‍ബേ സ് മോഡലായിരിക്കും ഇന്ത്യന്‍ റോഡുകളില്‍ പായുക.

Top