ഇലക്ട്രിക് വാഹന, ബാറ്ററി നിര്‍മാണം: ഇന്ത്യയില്‍ 10440 കോടി നിക്ഷേപിക്കുമെന്ന് സുസുക്കി

ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികളുടെയും നിര്‍മാണത്തിന് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍. 10,440 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാറുമായി സുസുക്കി അധികൃതര്‍ ധാരണപത്രം ഒപ്പുവെച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി. അതുകൊണ്ടുതന്നെ ഇവി മേഖലയിലേക്കുള്ള കമ്പനിയുടെ പ്രവേശനം ഇവിടെ താങ്ങാനാവുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് വാഹന ഉല്‍പാദന ലൈന്‍ നിര്‍മിക്കുമെന്ന് സുസുക്കി അറിയിച്ചു. 2030ഓടെ രാജ്യത്ത് വില്‍ക്കുന്ന കാറുകളില്‍ 30 ശതമാനം വൈദ്യുത വാഹനങ്ങളാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതാനായി വൈദ്യുത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പത്യേക അനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങളും ഇലക്ട്രിക് ബാറ്ററികളും പ്രാദേശികമായി ഉല്‍പാദിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായാണ് ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിട്ടത്. ചെറിയ കാറുകള്‍ ഉപയോഗിച്ച് കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സുസുക്കിയുടെ ഭാവി ദൗത്യമെന്ന് സുസുക്കി മോട്ടര്‍ ഡയറക്ടറുടെ പ്രതിനിധി തൊഷീറോ സുസുക്കി വ്യക്തമാക്കി. ചെറിയ ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലായിരിക്കും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ് ഇത് നല്‍കുന്ന സൂചന.

Top