ഏറ്റവും കൂടുതല്‍ മൈലേജുള്ള എസ്.യു.വി. ഹിറ്റിലേക്ക്; മാരുതി ഗ്രാന്റ് വിത്താര

ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് മാരുതി സുസുക്കിക്ക് പ്രവേശനം ഒരുക്കുന്ന വാഹനമാണ് ഗ്രാന്റ് വിത്താര. ജൂലായിയില്‍ പ്രദര്‍ശനത്തിനെത്തിയ ഈ വാഹനത്തിന് വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് ലഭിച്ചത് 33,000 ബുക്കിങ്ങുകളാണ്. ഇന്ത്യയിലെ ഉത്സവ സീസണ്‍ കളറാക്കുന്നതിനായി മാരുതി എത്തിക്കുന്ന വാഹനമായിരിക്കും ഗ്രാന്റ് വിത്താരയെന്നാണ് വിവരം. വിലപ്രഖ്യാപനവും അവതരണവും അടുത്ത മാസം നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഗ്രാന്റ് വിത്താരയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള 33000 ബുക്കിങ്ങുകളില്‍ 48 ശതമാനവും ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന സ്‌ട്രോങ്ങ് ഹൈബ്രിഡ് പതിപ്പിനാണെന്നാണ് വിവരം. സ്‌ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് മാരുതി സ്വീകരിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോ മീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.

Top