ടേബിള്‍ ടെന്നീസില്‍ ചരിത്രമെഴുതി സുതീര്‍ത്ഥ-അയ്ഹിക സഖ്യം; ഇന്ത്യക്ക് വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് വനിതാ താരങ്ങള്‍. വനിതാ ഡബിള്‍സില്‍ സുതീര്‍ത്ഥ മുഖര്‍ജി-അയ്ഹിക മുഖര്‍ജി സഖ്യത്തിന് വെങ്കലം. സെമിഫൈനലില്‍ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു.

ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീര്‍ത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യന്‍ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീര്‍ത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയന്‍ ജോഡികള്‍ നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2 എന്ന സ്‌കോറിനായിരുന്നു ഉത്തരകൊറിയന്‍ താരങ്ങളുടെ വിജയം.

ഒരു ഘട്ടത്തില്‍ ഫൈനല്‍ ഉറപ്പിച്ച ഇന്ത്യന്‍ ടീം അവിശ്വസനീയമായാണ് അവസാന ഗെയിമില്‍ പരാജയപ്പെട്ടത്. ആറാം ഗെയിമില്‍ ശക്തരായ കൊറിയയെ 11-5 ന് തകര്‍ത്ത് ടീം മത്സരം ഏഴാം ഗെയിമിലേക്ക് എത്തിച്ചതാണ്. എന്നാല്‍ അവസാന ഗെയിമില്‍ സുതീര്‍ത്ഥയും അയ്ഹികയും തീര്‍ത്തും നിരാശപ്പെടുത്തി. വെറും രണ്ട് പോയന്റ് മാത്രമാണ് ടീമിന് നേടാനായത്. തോറ്റെങ്കിലും തലയുയര്‍ത്തിയാണ് ടീം ഹാങാചൗവില്‍ നിന്ന് മടങ്ങുന്നത്. ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്മാപായ ചൈനയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ സഖ്യം സെമിയിലെത്തിയത്. ഫൈനലില്‍ ഉത്തര കൊറിയ ദക്ഷിണ കൊറിയയെ നേരിടും.

Top