മെഡിക്കല്‍ കോഴയില്‍ കുമ്മനം മൊഴി നല്‍കും ; സതീഷ് നായര്‍ വിജിലന്‍സിന് മുന്നില്‍ ഹാജരാകും

kummanam

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട സതീഷ് നായര്‍ 24ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും. വിജിലന്‍സിന്റെ നോട്ടീസ് സതീഷ് നായര്‍ കൈപ്പറ്റി.

കൂടാതെ, മെഡിക്കല്‍ കോഴയില്‍ കുമ്മനം രാജശേഖരനും വിജിലന്‍സിന് മൊഴി നല്‍കും. 10ന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ നോട്ടീസ് കുമ്മനം കൈപ്പറ്റി.

മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി അന്വേഷണ കമ്മീഷനംഗങ്ങളും വിജിലന്‍സിന് മൊഴി നല്‍കും. അന്വേഷണത്തിന്റെ ഭാഗമായി ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ.പി. ശ്രീശനും എ.കെ. നസീറിനുമാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു.

ഇവരുടെ അന്വേഷണ കമ്മീഷനാണ് കോഴ വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. കോഴ നല്‍കിയതായി ആരോപണമുള്ള വര്‍ക്കലയിലെ കോളേജുടമ ആര്‍.ഷാജിക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സ്വാശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുക. ആരോപണം കോഴ ആരോപണം സംബന്ധിച്ച് ബിജെപി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.

ഇതിന്റെ ഭാഗമായി പരാതിക്കാരനായ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സുകാര്‍ണോയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴയായി കിട്ടിയ 5.60 കോടി രൂപ ഹവാലപ്പണമായി ഡല്‍ഹിയിലെത്തിച്ചുവെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്രഗുരുതരമായ ആരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

മെഡിക്കല്‍ കോഴയെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ അമിത് ഷാ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കുമ്മനം രാജശേഖരനോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കുമ്മനം ശ്രീശന്‍ മാസ്റ്റര്‍, എകെ നസീര്‍ എന്നിവരെ അംഗങ്ങളായുള്ള സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്.

Top