തീവ്രവാദ ബന്ധമെന്ന് സംശയം; മദ്റസ ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തു

ഗുവാഹത്തി: അസമിൽ ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് മദ്റസ ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തു. മദ്റസ നടത്തിയിരുന്ന മുഫ്തി മുസ്തഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ബംഗ്ലാദേശ് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ അൻസറുല്ല ബംഗ്ലാ ടീമുമായും എക്യുഐഎസുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. മോറിഗാവ് ജില്ലയിലെ പൊലീസ് സൂപ്രണ്ട് അപർണ എൻ മദ്റസ തകർത്ത സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎപിഎ നിയമപ്രകാരമാണ് മോറിഗാവിൽ ജാമിഉൽ ഹുദാ മദ്രസ തകർത്തതെന്നും 43 വിദ്യാർത്ഥികൾ ഈ മദ്റസയിൽ പഠിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. വിദ്യാർഥികൾ ഇപ്പോൾ വിവിധ സ്കൂളുകളിൽ പ്രവേശനം നേടി. മുഫ്തി മുസ്തഫ എന്ന മുസ്തഫ 2017ൽ ഭോപ്പാലിൽ നിന്ന് ഇസ്ലാമിക നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ഒരു മദ്റസയിൽ ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീഷണി കണക്കിലെടുത്ത്, ഈ വിഷയത്തിൽ എല്ലാവരുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് അസമിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ റെയ്ഡിൽ ബം​ഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയായ അൻസാറുൽ ഇസ്ലാമുമായി ബന്ധപ്പെട്ട പത്തോളം പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദയുടെ ഘടകമാണ് അൻസാറുൽ ഇസ്ലാം എന്ന സംഘടന.

Top