മോന്‍സന്റെ വീട്ടിലെ ആനക്കൊമ്പ് ഒട്ടകത്തിന്റെ എല്ലെന്ന് സംശയം; പരിശോധന നടത്തും

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് വ്യാജമാണെന്ന് വനം വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ഇത് ഒട്ടകത്തിന്റെ എല്ലാണോ എന്ന് സംശയിക്കുന്നെന്ന് വനം വകുപ്പ് പറഞ്ഞു. ഇത് കൂടുതല്‍ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജീസിലേക്ക് അയയ്ക്കും.

മോന്‍സന്റെ തട്ടിപ്പിന് കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പലരും പരാതി നല്‍കാന്‍ തയ്യാറാവാത്തത് കള്ളപ്പണം ആയതിനാലാണെന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായി. ഇതിനിടെ തട്ടിപ്പിന് തന്റെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളും മോന്‍സന്‍ ഉപയോഗിച്ചതായി സൂചനയുണ്ട്. പണം വാങ്ങിയത് ചില ജീവനക്കാരുടെ അക്കൗണ്ടിലേക്കാണെന്നും വ്യക്തമായിട്ടുണ്ട്.

ചോദ്യം ചെയ്യലിനോട് മോന്‍സന്‍ പൂര്‍ണമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. താന്‍ ആരില്‍നിന്നും ആരോപിക്കുന്നതുപോലെ കോടികള്‍ വാങ്ങിയിട്ടില്ല. അക്കാര്യം തന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും എന്നാണ് മോന്‍സന്റെ നിലപാട് .

ഇതിനെ തുടര്‍ന്നാണ് മോന്‍സനുമായി ബന്ധപ്പെട്ട മറ്റു ചിലരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അന്വേഷണം നീളുന്നത്. പ്രധാനമായും 5 ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ സാക്ഷികള്‍ ആക്കുന്നതും അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്.

പണം തന്റെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനാണ് മോന്‍സന്‍ തട്ടിപ്പിന് ഇരയായവരോട് ആവശ്യപ്പെട്ടിരുന്നത്. തന്റെ അക്കൗണ്ട് മരവിച്ചിരിക്കുന്നതായി തെറ്റിദ്ധരിപ്പിക്കും. പരാതി നല്‍കിയവര്‍ നേരിട്ട് പണമായോ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കോ ആണ് തുക കൈമാറിയത് എന്ന് വ്യക്തമായിട്ടുണ്ട്.

Top