ഇടപാടുകളില്‍ സംശയം; അദാനി പോര്‍ട്ടിന്റെ ഓഡിറ്റര്‍ സ്ഥാനമൊഴിഞ്ഞ് ഡിലോയിറ്റ്

ദാനി പോര്‍ട്ടിന്റെ ഓഡിറ്റര്‍ സ്ഥാനമൊഴിഞ്ഞ് ഡിലോയിറ്റ്. കഴിഞ്ഞ ആറ് വര്‍ഷമായി ഡിലോയിറ്റാണ് അദാനി പോര്‍ട്ടിന്റെ ഓഡിറ്റ് നടത്തുന്നത്. അദാനി പോര്‍ട്ടിന്റെ ചില ഇടപാടുകളില്‍ സംശയമുന്നയിച്ചാണ് ഡിലോയിറ്റിന്റെ പിന്മാറല്‍. എം.എസ്.കെ.എ&അസോസിയേറ്റ്‌സാണ് കമ്പനിയുടെ പുതിയ ഓഡിറ്റര്‍മാര്‍.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്ന കോണ്‍ട്രാക്ടറുമായുള്ള അദാനിയുടെ ഇടപാടില്‍ ഉള്‍പ്പടെ സംശയം ഉന്നയിച്ചാണ് ഡിലോയിറ്റിന്റെ പിന്മാറ്റം. അദാനി പോര്‍ട്‌സിന്റെ മൂന്ന് ഇടപാടുകളിലാണ് ഡിലോയിറ്റിന് സംശയം. ഈ ഇടപാടുകള്‍ അദാനി ഗ്രൂപ്പുമായി വ്യാവസായിക ബന്ധമുള്ളവരുമായിട്ടല്ലെന്നാണ് ഡിലോയിറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡിലോയിറ്റ് പറയുന്നു. ഇതിനാല്‍ പൂര്‍ണമല്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടാണ് അദാനി പോര്‍ട്‌സിന് ഡിലോയിറ്റ് നല്‍കിയിട്ടുള്ളത്.

ബൈജൂസിന് പിന്നാലെയാണ് അദാനി ഗ്രൂപ്പില്‍ നിന്നും ഡിലോയിറ്റ് പിന്‍മാറുന്നത്. ബൈജൂസിനെ പോലെ പുതിയ സാഹചര്യം അദാനി ഗ്രൂപ്പിന്റെ ധനകാര്യ മാനേജ്‌മെന്റിനെ കുറിച്ചുള്ള പ്രതിഛായയ്ക്ക് തിരിച്ചടിയാവും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ അദാനി പോര്‍ട്‌സിനോട് ഡിലോയിറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദാനി പോര്‍ട്‌സ് ഈ ആവശ്യം അംഗീകരിച്ചില്ല. ഇത് ഇരു കമ്ബനികളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ വരുത്തിയിരുന്നു.

Top