പരസ്യമായി മാടിനെ അറക്കല്‍ ‘ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

youth congress

ന്യൂഡല്‍ഹി: കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ ദേശീയ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. റിജില്‍ മാക്കുറ്റിയടക്കം മൂന്നു പേര്‍ക്കെതിരേയാണ് നടപടി.

റിജില്‍ മാക്കുറ്റിയെ കൂടാതെ ജോസി കണ്ടത്തില്‍, സറഫുദ്ദിന്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.

മാടിനെ അറുത്ത് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തള്ളി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്നത് കിരാതവും അംഗീകരിക്കാന്‍ കഴിയാത്തതുമായ പ്രവര്‍ത്തിയായിരുന്നെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ തായത്തെരു ടൗണിലായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കശാപ്പ് സമരം നടന്നത്.

ഒന്നര വയസ് മാത്രം പ്രായമുളള മാടിനെ കണ്ണൂര്‍ ലോക്‌സഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍, സംസ്ഥാനജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ കശാപ്പ് ചെയ്യുകയായിരുന്നു. പരസ്യമായി മാടിനെ അറുത്തശേഷം മാംസം വിതരണം ചെയ്യുകയും ചെയ്തു.

Top