മന്ത്രി റിയാസിന്റെ മിന്നൽ പരിശോധന; പൊതുമരാമത്ത് വകുപ്പില്‍ ഉന്നതര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം : ജോലിയിൽ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ നടപടി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് വീഴ്ച്ച കണ്ടെത്തിയത്. ചീഫ് ആർക്കിടെക് രാജീവ്, ഡെപ്യൂട്ടി ആർക്കിടെക് ഗിരീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. ഇരുവരും ഓഫീസ് നടത്തിപ്പിൽ ഗുരുതര വീഴ്ച നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. റിയാസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് ഇരുവ‍ര്‍ക്കുമെതിരെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരായ ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.

23-03-23 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആര്‍ക്കിടെക്ട് വിംഗില്‍ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ക്കിടെക്ട് വിംഗിലെ പ്രവര്‍ത്തനം പരിശോധിക്കുവാന്‍ വകുപ്പ് സെക്രട്ടറിയേയും പൊതുമരാമത്ത് വിജിലന്‍സിനേയും ചുമതലപ്പെടുത്തി. ഓഫീസ് പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. പ്രധാനപ്പെട്ട രജിസ്റ്ററുകള്‍ മെയിന്റെയിന്‍ ചെയ്യുന്നതില്‍ വീഴ്ച ഉണ്ടായി. ഓഫീസില്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ഉള്‍പ്പെടെ ഗുരുതരമായ വീഴ്ച കണ്ടെത്തി. പലരും കൃത്യസമയത്ത് ഹാജരാകുന്നില്ലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് തീരുമാനിച്ചത്

മന്ത്രിയുടെ സന്ദര്‍ശന ദിവസം 41 ജീവനക്കാരില്‍ 14 പേര്‍ മാത്രമാണ് കൃത്യസമയത്ത് ഹാജരായത്. കൃത്യമായി ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. വിശദമായ അന്വേഷണം നടത്തുവാന്‍ മന്ത്രി നിര്‍ദ്ദേശം നൽകി.

Top