ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന് ഇനി കേന്ദ്ര സര്‍ക്കാര്‍ അനുമതി വേണം

Narendra modi

ന്യൂഡല്‍ഹി: കേന്ദ്ര റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിയുടെയും അനുമതിയോടെ മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാടുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 21 നാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.

പഴ്‌സോണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് മന്ത്രിയുടെ അംഗീകാരമില്ലാതെ ഇനി മുതല്‍ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയില്ല. ഡിഒപിടി വകുപ്പിന്റെ ചുമതല നിലവില്‍ വഹിക്കുന്നത് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ്.

അശോക് ഖേംക, ദുര്‍ഗ ശക്തി രാംപാല്‍ എന്നിവരുടെ സസ്‌പെന്‍ഷന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ മുമ്പ് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വിവരമറിയിക്കണം. സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പും, അതിനുള്ള കാരണങ്ങളും അറിയിക്കണം.

അച്ചടക്ക നടപടികള്‍ തുടങ്ങാതിരിക്കുകയോ, അത് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിക്കാതിരിക്കുകയോ,ചെയ്യാതിരുന്നാല്‍, 30 ദിവസത്തിലധികം ഒരു ഓഫീസറുടെ സസ്‌പെന്‍ഷന്‍ സംസ്ഥാനത്തിന് തുടരാനാവില്ല. ഡിഒപിടിയുടെ സെക്രട്ടറിയായിരിക്കും സെന്‍ട്രല്‍ റിവ്യൂ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍.

ഒരു ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ ഒരാഴ്ചയിലധികം തുടരാന്‍ ഈ കമ്മിറ്റിയുടെ ശുപാര്‍ശ വേണമെന്ന കരട് രേഖയിലെ ശുപാര്‍ശ ചട്ടം രൂപീകരിച്ചപ്പോള്‍ വേണ്ടെന്നുവച്ചു. 1969 ലെ സര്‍വീസ് ചട്ടങ്ങളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തത്

Top