മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവിട്ട ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരങ്ങള്‍ മുറിക്കുന്നതിന് തമിഴ്‌നാടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരായ നടപടി പിന്‍വലിച്ചു.

സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. മരം മുറിക്കല്‍ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ തുടരേണ്ടതില്ല എന്നാണ് ശുപാര്‍ശ. ഇതനുസരിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

മുല്ലപ്പെരിയാറില്‍ ഇനി തീരുമാനങ്ങള്‍ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിര്‍ദേശമുണ്ട്. മരം മുറിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കില്‍ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാന്‍ അനുമതി നല്‍കിയതിന് നവംബര്‍ 11നാണ് ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിക്ക് പിന്നാലെയാണ് മന്ത്രിസഭായോഗം ചേര്‍ന്ന് വിവാദമരംമുറി ഉത്തരവ് റദ്ദാക്കിയത്.

Top