ഒരു സിസിടിവി പണി; ബിജെപിയുടെ കൊടിമരം ഒടിച്ച എഎസ്ഐയ്ക്കു സസ്പെന്‍ഷന്‍

suspened

തിരുവനന്തപുരം: തിരുവനന്തപുരം മാറാനല്ലൂരില്‍ ബിജെപിയുടെ കൊടിമരം ഒടിച്ച എഎസ്ഐയ്ക്കു സസ്പെന്‍ഷന്‍.

മാറാനല്ലൂര്‍ എഎസ്ഐ സുരേഷിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തത്. സുരേഷ് കൊടിമരം ഒടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പോലീസ് നേതൃത്വം നടപടിയിലേക്കു നീങ്ങിയത്.

ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ച സ്ഥലമാണ് തലസ്ഥാന ജില്ലയിലെ ഈ ഗ്രാമം. കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെ പ്രദേശത്തെ സിപിഎം-ബിജെപി കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും പരക്കെ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു.

സംഘര്‍ഷങ്ങളുടെ പേരില്‍ പരസ്പരം ആരോപണങ്ങള്‍ ബിജെപിയും സിപിഎമ്മും ഉന്നയിക്കുന്നതിനിടെയാണ് യഥാര്‍ഥ കള്ളന്‍ സിസിടിവിയില്‍ കുടുങ്ങിയത്.

പോലീസ് വാഹനത്തില്‍ അര്‍ധരാത്രി ഒന്നിന് ഊരുട്ടമ്പലം ജംഗ്ഷനില്‍ എത്തിയ എഎസ്ഐ സുരേഷ് ബിജെപിയുടെ കൊടിമരം വളച്ചൊടിക്കുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്.

പോലീസ് വാഹനത്തില്‍ യൂണിഫോം അണിഞ്ഞ് സഹപ്രവര്‍ത്തകനൊപ്പം എത്തിയാണ് എഎസ്ഐ ഇതു ചെയ്യുന്നതെന്നും വീഡിയോയില്‍ കാണാം.

Top