മോശം പെരുമാറ്റം: ടിഎൻ പ്രതാപനേയും ഡീൻ കുര്യക്കോസിനെയും സസ്പെൻഡ് ചെയ്യും

ന്യൂഡല്‍ഹി : ലോക്സഭയില്‍ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് എംപിമാരായ ടിഎൻ പ്രതാപനേയും ഡീൻ കുര്യക്കോസിനെയും സസ്പെൻഡ് ചെയ്യും. സര്‍ക്കാരിന്റെ പ്രമേയം ലോക്സഭാ സ്പീക്കര്‍ അംഗീകരിച്ചു. ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും.

ലോക്സഭയിൽ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചർച്ചയ്ക്കിടെ സ്മൃതി ഇറാനിയും കേരള എംപിമാരും തമ്മില്‍ വാക് വാദമുണ്ടായിരുന്നു. ടിഎൻ പ്രതാപനും ഡീൻ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി. തുടര്‍ന്ന് ഇരുവരെയും പുറത്താക്കണമെന്ന് ബിജെപി എംപിമാർ ആവശ്യപ്പെട്ടു.

മന്ത്രി സംസാരിക്കുമ്പോള്‍ ഇരുവരും മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മര്‍ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബിജെപി ആരോപണം. ബിജെപി വനിത എം.പിമാര്‍ സ്പീക്കര്‍ ഒാം ബിര്‍ലയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇരുവരും മാപ്പു പറയണമെന്നാണ് ആവശ്യം. എന്നാല്‍ ബിജെപി എം.പിമാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കേണ്ട ചര്‍ച്ചയ്ക്ക് വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി മറുപടി നല്‍കിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.

അയോദ്ധ്യയിൽ രാമന് ക്ഷേത്രം പണിയുമ്പോൾ സീതയെ ജീവനോടെ കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അതിര്‍ രഞ്ജൻ ചൗധരി പറഞ്ഞതാണ് സ്മൃതി ഇറാനിയെ പ്രകോപിപ്പിച്ചത്. പശ്ചിമ ബംഗാളിൽ ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കിയവരല്ലേ നിങ്ങളെന്ന് സ്മൃതി ഇറാനി ചോദിച്ചു. ബഹളത്തിനിടെ ടിഎൻ പ്രതാപനും ഡീൻ കുര്യക്കോസും കൈചൂണ്ടിയപ്പോൾ തന്നെ തല്ലാനാണോ ശ്രമമെന്ന് സ്മൃതി ഇറാനി ചോദിച്ചു. മന്ത്രിക്കടുത്തേക്ക് നീങ്ങിയ പ്രതാപനേയും ഡീൻ കുര്യക്കോസിനേയും സുപ്രിയ സുലെ പിന്തിരിപ്പിച്ചു. രണ്ടുപക്ഷത്തെയും തണുപ്പിക്കാൻ സ്പീക്കര്‍ ശ്രമിച്ചു.

Top