മന്ത്രി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ സംഭവം: സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു

കൊല്ലം: മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി വിവാദമാകുന്നതിനിടെ സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഇവരെ സ്ഥലം മാറ്റുകയും ചെയ്തു.

ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീന്‍ എന്നിവരെയാണ് ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് കഴിഞ്ഞയാഴ്ച എസ്പി സസ്പെന്‍ഡ് ചെയ്തത്.

പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്‍ ഹരിശങ്കറിന്റെയും വാഹനങ്ങള്‍ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നതിനായിരുന്നു ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നായിരുന്നു സസ്‌പെന്‍ഷനെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം.

Top