ഏറ്റുമുട്ടല്‍ കൊലപാതകം ; തെലങ്കാന ഹൈക്കോടതി നാളെ വിശദമായ വാദം കേൾക്കും

ഹൈദരാബാദ് : ഹൈദരബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ, ഏറ്റുമുട്ടലിൽ പൊലീസ് വധിച്ച കേസിൽ തെലങ്കാന ഹൈക്കോടതി നാളെ വിശദമായ വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ട് രണ്ട് ഹർജികൾ സുപ്രീം കോടതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ സംഘത്തിന്‍റെ
തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘം കാണും. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

സംഭവത്തിൽ വിശദ റിപ്പോർട്ട് നൽകാൻ തെലങ്കാന ഡിജിപിയോട് കമ്മീഷൻ നിർദേശിച്ചിരുന്നു. ഇന്നലെ മഹബൂബ നഗർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രതികളുടെ മൃതദേഹങ്ങൾ സംഘം പരിശോധിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെത്തിയും തെളിവെടുത്തു. സംഭവത്തിൽ കമ്മീഷൻ തെലങ്കാന സർക്കാരിന് നോട്ടീസയച്ചിരുന്നു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തിങ്കളാഴ്ച രാത്രി എട്ട് മണി വരെ കോടതി തടഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടം ചെയ്തതിന്റെ ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഹൈദരാബാദിന് സമീപത്തെ ചദൻ പള്ളിയിലാണ്, ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം, പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചത്. കേസിൽ അറസ്റ്റിലായ ലോറി ഡ്രൈവർ ആരിഫ് ഖാൻ, ക്ലീനർമാരായ ശിവ, നവീൻ, ചന്ന കേശവുലു എന്നിവരാണ് പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചത്.

Top