മങ്കിപോക്‌സെന്ന് സംശയം; സൗദിയില്‍ നിന്നെത്തിയ മൂന്നുപേർ നിരീക്ഷണത്തില്‍

തൃശൂര്‍: മങ്കിപോക്‌സ് ലക്ഷണമെന്ന സംശയത്തെ തുടര്‍ന്ന് ഒരു കുട്ടി അടക്കം മൂന്നുപേര്‍ ഗവണ്‍മെന്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ നാലിന് സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയ കുന്നംകുളം സ്വദേശിയായ എട്ടുവയസുള്ള കുട്ടിയ്ക്കാണ് രോഗലക്ഷണം കണ്ടത്. സമ്പര്‍ക്കത്തിലായ ബന്ധുക്കളായ രണ്ടു മുതിര്‍ന്ന സ്ത്രീകളെയും മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയില്‍ പുതിയതായി സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. കുട്ടിക്ക് മാത്രമാണു ലക്ഷണം. മറ്റു രണ്ടുപേര്‍ക്കു ലക്ഷണങ്ങള്‍ ഒന്നും ഇല്ല.

നാട്ടിലെത്തി 14 ദിവസം കഴിഞ്ഞാണ് കുട്ടിക്ക് രോഗലക്ഷണം കണ്ടത്. നേരത്തെ വിമാനത്താവളത്തിലെത്തിയപ്പോള്‍ നടത്തിയ സ്രവ പരിശോധനാ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തൃശൂരിലെ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. നിരീക്ഷിക്കാനും അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ പരിഭ്രാന്തരാകുകയും ചികിത്സ തേടുകയുമായിരുന്നു. അതേസമയം കുട്ടിക്ക് കേരളത്തിലെ കാലാവസ്ഥയില്‍ സാധാരണ ഇത്തരം ലക്ഷണങ്ങള്‍ കാണാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെയും ബന്ധുക്കളുടെയും രക്തസാമ്പിളുകളും സ്രവവും കാക്കനാടുള്ള ലാബിലേക്ക് അയച്ചു നല്‍കിയിട്ടുണ്ട്. ഇതിന്റെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം വിദഗ്ധ ചികിത്സ നല്‍കും.

Top