ചാരവൃത്തി; ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ ചാരവൃത്തിക്കേസില്‍ അറസ്റ്റില്‍. ബ്രഹ്മോസ് യൂണിറ്റില്‍ നാലുവര്‍ഷമായി ജോലി ചെയ്യുന്ന നിഷാന്ത് അഗര്‍വാളിനെയാണ് തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റാണെന്ന് സംശയിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാളെ പിടികൂടാനായത്. യൂണിറ്റില്‍ ഡി.ആര്‍.ഡി.ഒ. ജീവനക്കാരനാണ് നിഷാന്ത്.

നാഗ്പൂരിലെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ക്ക് ആവശ്യമായ പ്രോപ്പലന്റുകളും ഇന്ധനവും നിര്‍മിക്കുന്ന യൂണിറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യവിവരങ്ങള്‍ ഇയാള്‍ കൈമാറിയോ എന്നും അന്വേഷിക്കും.

ബ്രഹ്‌മോസ് മിസൈലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ഇയാളുടെ കൈവശമുണ്ടെന്ന് എ.ടി.എസ്. പറഞ്ഞു. ഇത് പാക്കിസ്ഥാനു കൈമാറിയോ എന്നും സംഘം പരിശോധിക്കും.

Top