യുവതിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി നേപ്പാളില്‍ പിടിയില്‍

കൊച്ചി: എളംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നേപ്പാള്‍ സ്വദേശി റാം ബഹദൂര്‍ ബിസ്തി നേപ്പാളില്‍ പിടിയിലായെന്ന് വിവരം. നേപ്പാള്‍ പോലീസിന്റെ സഹായത്തോടെയാണ് കേരള പോലീസ് സംഘം പ്രതിയെ കണ്ടെത്തിയത്. പ്രതിയെ ഇനി കേരള പോലീസിന് കൈമാറി കൊച്ചിയില്‍ എത്തിക്കും.

നേപ്പാളിലെത്തിയ കേരള പോലീസ് സംഘം കഴിഞ്ഞദിവസം റാം ബഹദൂറിന്റെ താമസസ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണസംഘം ഇവിടെ എത്തിയപ്പോഴേക്കും റാം ബഹദൂര്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് നേപ്പാള്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

ഒക്ടോബര്‍ 24-നാണ് എളംകുളത്തെ വാടകവീട്ടില്‍ നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരും പോലീസും നടത്തിയ പരിശോധനയിലാണ് നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്.

 

Top