ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഹൃദയാഘാതം വന്ന കാര്യം വെളിപ്പെടുത്തി സുസ്മിത സെൻ

ദില്ലി: ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതം വന്ന കാര്യം വെളിപ്പെടുത്തി നടി സുസ്മിത സെൻ. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് 47 കാരിയായ നടി തന്റെ ആരോഗ്യ വിവരം ലോകത്തെ അറിയിച്ചത്. മുൻ മിസ് യൂണിവേഴ്‌സ് കൂടിയായ സുസ്മിതി തന്റെ പിതാവ് സുബിർ സെന്നിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ആരോഗ്യ കാര്യങ്ങള്‍ പറഞ്ഞത്.

“നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തുക, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം നിൽക്കും” (എന്റെ പിതാവ് സുബീർ സെന്നിന്റെ വിവേക പൂര്‍ണ്ണമായ വാക്കുകളാണ് ഇത്). കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഇട്ടു. ഏറ്റവും പ്രധാനമായി തോന്നിയത്, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാർഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചുവെന്നതാണ്. സമയോചിതമായി എനിക്ക് സഹായം ചെയ്ത നന്ദി പറയേണ്ട കുറേപ്പേരുണ്ട്. മറ്റൊരു പോസ്റ്റിൽ അവരെ ഓര്‍ക്കും. ഈ പോസ്റ്റ് നിങ്ങളെ (എന്റെ അഭ്യുദയകാംക്ഷികളെയും പ്രിയപ്പെട്ടവരെയും) അറിയിക്കാൻ വേണ്ടി മാത്രമാണ്.എല്ലാം ശരിയാണ്, വീണ്ടും പുതിയ ജീവിതത്തിന് ഞാന്‍ റെഡിയാണ്” – സുസ്മിത ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നു.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

ബിവി നമ്പർ 1, ഡൂ നോട്ട് ഡിസ്റ്റർബ്, മെയ് ഹൂ നാ, മൈനേ പ്യാർ ക്യൂൻ കിയ, തുംകോ നാ ഭൂൽ പായേംഗേ, നോ പ്രോബ്ലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് സുസ്മിത. ഇന്റർനാഷണൽ എമ്മി നോമിനേറ്റഡ് സീരീസായ ആര്യയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തിയ ഇവര്‍ ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്.

Top