ശത്രുരാജ്യത്തിലെ ജനങ്ങളെ പോലും കരയിപ്പിച്ച് സുഷമ സ്വരാജ് വിടവാങ്ങി . . .

ത്രു രാജ്യത്തിലെ ജനങ്ങളുടെ മനസ്സില്‍ പോലും നൊമ്പരമുണര്‍ത്തിയാണ് സുഷമ ഓര്‍മ്മയാകുന്നത്. അതിര്‍ത്തിയില്‍ ചീറി പായുന്ന വെടിയുണ്ടകള്‍ക്കും മീതെ പാക്ക് ഹൃദയങ്ങള്‍ കീഴടക്കിയ നേതാവായിരുന്നു സുഷമ സ്വരാജ്.അവരുടെ സ്‌നേഹതണലേറ്റ് ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ സാക്ഷ്യപ്പെടുത്തും കാവിയിലെ ഈ കാവ്യനീതി.

ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ ഇന്ത്യക്കെതിരെ രോഷം കൊള്ളുന്ന പാക്കിസ്ഥാനികള്‍ പോലും സുഷമയുടെ കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. വൈര്യം തലക്ക് പിടിച്ചതിനാല്‍ അവരില്‍ പലരും അത് തുറന്ന് പറയുന്നില്ലന്ന് മാത്രം.

അമിലോബ്ലാസ്തോമയെന്ന ട്യൂമറിന് അടിമപ്പെട്ട പാക് യുവതി ഫയ്സയ്ക്ക് ഇന്ത്യയില്‍ ചികിത്സാ സഹായം ഒരുക്കിയതും സുഷമ സ്വരാജായിരുന്നു. ഫയ്സയുടെ ഒരു ട്വീറ്റില്‍ അവര്‍ക്ക് തിരിച്ച് കിട്ടിയത് സ്വന്തം ജീവിതം തന്നെയാണ്.

ഹിജാബ് ആസിഫെന്ന യുവതിയാണ് ഇതിന് മുമ്പ് ചികിത്സ ആവശ്യപ്പെട്ട് സുഷമയുടെ സഹായം തേടിയ മറ്റൊരു പാക്കിസ്ഥാന്‍ സ്വദേശിനി. ‘സുഷമാജി, താങ്കള്‍ ഞങ്ങളുടെ പ്രാധാനമന്ത്രിയായിരുന്നെങ്കില്‍ പാക്കിസ്ഥാന് മാറ്റം സംഭവിക്കുമായിരുന്നു’ എന്നാണ് ഹിജാബ് അന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നത്. ഈ യുവതിയേയും ഇന്ത്യയാണ് സഹായിച്ചിരുന്നത്.

ഏഴുവയസ്സുകാരി മാഹാ ഷോയിബിന്റെ ഹൃദയശസ്ത്രക്രിയക്കായി അമ്മ നിദ മഹമൂദ് ട്വിറ്ററിലൂടെയാണ് സുഷമയോട് സഹായം ആവശ്യപ്പെട്ടത് .തുടര്‍ന്ന് കുഞ്ഞിന്റെ ശസ്ത്രക്രിയക്കായി വിസ അനുവദിക്കുന്നതായി സുഷമ സ്വരാജ് അറിയിച്ചു . കുഞ്ഞിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും അവര്‍ ട്വീറ്റ് ചെയുകയുണ്ടായി.

തുടര്‍ന്നാണ് സുഷമയ്ക്കും , ഇന്ത്യയ്ക്കും നന്ദി അറിയിച്ച് പാകിസ്ഥാനില്‍ നിന്നും ആ സന്ദേശമെത്തിയത് . തനിക്ക് വിസ അനുവദിച്ച സുഷമയ്ക്ക് നന്ദി അറിയിക്കുക മാത്രമല്ല പാക് ബാലികയായ മാഹ ചെയ്തത് , സുഷമയ്ക്കായി ചുംബനം പറത്തി വിടുകയും ചെയ്തു .ഇതോടെ സ്‌നേഹത്തിന്റേയും, കരുതലിന്റേയും പ്രതീകമാവുകയായിരുന്നു സുഷമ സ്വരാജ്.

‘എന്റെ രാജ്യം മഹത്തരം, എന്റെ മാഡം ഏറ്റവും മഹതി’ മകനായ ഹമീദിനെ പാക്ക് ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ മുന്‍കയ്യെടുത്ത സുഷമ സ്വരാജിനെ കെട്ടിപ്പിടിച്ച് കൊണ്ടു ഒരമ്മ പറഞ്ഞ വാക്കുകളാണിത്. 2018 ഡിസംബറില്‍ സുഷമയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലായിരുന്നു വൈകാരികയമായ ഈ അഭിപ്രായപ്രകടനം. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 2012 ല്‍ അഫ്ഗാനിസ്ഥാനിലൂടെ പാക്കിസ്ഥാനിലെത്തി കുടുങ്ങിയ ഹമീദിന് വേണ്ടി 96 തവണയാണ് പാക്ക് സര്‍ക്കാരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിരുന്നത്.

ലോകത്തിന്റെ ഏതുകോണിലുള്ള ഇന്ത്യക്കാരനും ധൈര്യവും ആശ്രയവുമായിരുന്നു സുഷമ സ്വരാജ് എന്ന കേന്ദ്ര മന്ത്രി. ഒന്നാം മോദി സര്‍ക്കാരിലെ ഏറ്റവും ഹൃദയവിശാലതയുള്ള നേതാവ് കൂടിയായിരുന്നു അവര്‍. നിര്‍ണായകമായ പല നീക്കങ്ങളും ഈ കാലത്തിനിടെ സുഷമ നടത്തുകയുണ്ടായി.

ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളെന്ന് മിക്ക മാധ്യമ സര്‍വേകളിലും കണ്ടെത്തിയിരുന്നതും മന്ത്രി സുഷമ സ്വരാജിനെയായിരുന്നു. ട്വിറ്ററില്‍ സജീവമായിരുന്ന അവര്‍ വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അവയോട് പ്രതികരിക്കാനും ശ്രദ്ധിച്ചു. ആ പ്രവര്‍ത്തനങ്ങള്‍ക്കു സമൂഹമാധ്യമങ്ങളില്‍ നല്ല പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളില്‍ കൃത്യമായി ഇടപെടുന്നത് പുതിയ കാലത്ത് ജനങ്ങളിലേക്ക് നേരിട്ട് എത്താനുള്ള വഴിയാണെന്ന് മന്ത്രിയെന്ന നിലയില്‍ സുഷമയാണ് ലോകത്തിന് കാണിച്ചുകൊടുത്തിരുന്നത്.

കശ്മീര്‍ വിഷയവും ഭീകരവാദ വിഷയങ്ങളും ചൈനയുമായുള്ള പ്രശ്‌നങ്ങളും എല്ലാം സുഷമ കൃത്യമായി കൈകാര്യം ചെയ്തു. വികാരമല്ല വിവേകമാണ് പല സ്ഥലങ്ങളിലും അവര്‍ പ്രയോഗിച്ചത്. കുല്‍ഭൂഷണ്‍ ജാദവ് വിഷയവും ദോക്ലാമില്‍ ചൈനയുമായി ഉണ്ടായ പ്രശ്‌നങ്ങളും സുഷമയുടെ കാലത്തായിരുന്നു. കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ പോലും വളരെ കൃത്യമായി ഇന്ത്യയുടെ നിലപാട് അവര്‍ അറിയിച്ചു. ഭീകരവാദവുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനില്ലെന്നും സുഷമ വ്യക്തമാക്കി. വിവിധ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലും അവര്‍ മികച്ച പരിഗണനയാണ് നല്‍കിയത്.

രാഷ്ട്രീയ കക്ഷി ഭേദമന്യേ കേരളത്തിലും സുഷമയുടെ വേര്‍പാട് വലിയ ദുഃഖമാണിപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫ് ഫെയ്‌സ് ബുക്കിലിട്ട ഒരു പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. യെമനിലെ മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ‘ടേക്ക് ഓഫ്’ സിനിമയുടെ താങ്ക്‌സ് കാര്‍ഡില്‍ ഒന്നാമതായി സുഷമയുടെ പേര് വയ്ക്കാന്‍ ആന്റോയോട് നിര്‍ദ്ദേശിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു.

തീവ്രവാദികളുടെ പിടിയില്‍ അകപ്പെട്ട നഴ്‌സുമാരെ രക്ഷിക്കാന്‍ സുഷമ നടത്തിയ ഇടപെടലുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചിരുന്നത്.

വിദേശകാര്യ മന്ത്രിയായ സുഷമ സ്വരാജ് ഇടപെട്ടില്ലായിരുന്നു എങ്കില്‍ നഴ്‌സുമാരെ രക്ഷപ്പെടുത്താന്‍ ഒരിക്കലും കഴിയുമായിരുന്നില്ല. ഈ യാഥാര്‍ത്ഥ്യമാണ് ആന്റോ ജോസഫിനെ ഉമ്മന്‍ ചാണ്ടി ഓര്‍മ്മിപ്പിച്ചത്.ഉറക്കമിളച്ച് അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതെന്ന് ആന്റോ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മലയാളികള്‍ ഉള്‍പ്പെടെ അനവധി പേര്‍ക്കാണ് സുഷമയുടെ ഇടപെടല്‍ രക്ഷയായിട്ടുള്ളത്.

ഒരു ട്വിറ്റര്‍ സന്ദേശം മാത്രം മതി കേന്ദ്ര മന്ത്രിയുടെ അടിയന്തര ഇടപെടലിന് എന്നത് രാജ്യത്തെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നു. അന്താരാഷ്ട്ര സമൂഹം പോലും സുഷമ സ്വരാജിന്റെ ഈ കര്‍ത്തവ്യ നിര്‍വ്വഹണത്തെ അത്ഭുതത്തോടെയാണ് നോക്കി കണ്ടിരുന്നത്.

Staff Reporter

Top