പാക്കിസ്ഥാനോട് മുഖം തിരിച്ച് ഇന്ത്യ ന്യൂയോര്‍ക്കില്‍; കശ്മീരില്‍ വീണ്ടും ആക്രമണം

sushama

വാഷിംഗ്ടണ്‍: യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ന്യൂയോര്‍ക്കിലെത്തി. 73ാമത് യുഎന്‍ പൊതുസഭാ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. വിവിധ ഉഭയകക്ഷി ചര്‍ച്ചകളിലും സുഷമ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തിനിടെ പാക്ക് വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം റദ്ദാക്കി. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു. ഇതിനോട് ഇന്ത്യ അനുകൂല നിലപാടെടുത്തു. എന്നാല്‍, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരോട് പാക്കിസ്ഥാന്‍ അതിക്രൂരമായി പെരുമാറുകയും മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ വധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ ചര്‍ച്ചയില്‍ നിന്നും പിന്നോട്ട് പോയത്. ഹുസിബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് പാക്കിസ്ഥാന്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കിയതും ഇന്ത്യയെ ചൊടിപ്പിച്ചു.

എന്നാല്‍ ഇന്ത്യയുടെ പിന്മാറ്റം വലിയ നിരാശ ഉണ്ടാക്കിയെന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. തീരുമാറ്റം അപ്രതീക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കെയാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ കലുഷിതമായിരിക്കുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമാനമായ എന്തെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

മിര്‍ മൊഹല്ല പ്രദേശത്താണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. സ്ഥലത്ത് ഇപ്പോഴും പ്രശ്‌നം തുടരുകയാണ്. ഇതിനിടെ, പാക്കിസ്ഥാനിലും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടല്‍ സജീവമാകുന്നു എന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്‌.

Top