ഇന്ത്യ ശാസ്ത്രജ്ഞര്‍ക്ക് ജന്മം നല്‍കുന്നു, പാക്കിസ്ഥാന്‍ ഭീകരര്‍ക്കും ; സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള ഈ വര്‍ഷത്തെ രണ്ടാം പ്രസംഗത്തിലാണ് സുഷമ സ്വരാജ് പാക്കിസ്ഥാനെ ശക്തമായി കടന്നാക്രമിച്ചത്.

പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാണെന്നും, സൗഹൃദം സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അവര്‍ പരാജയപ്പെടുത്തിയെന്നും കുറ്റപ്പെടുത്തിയ സുഷമ പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും പ്രവര്‍ത്തികളെ തരം തിരിച്ച് വിമര്‍ശിച്ചു. ഹിന്ദിയിലായിരുന്നു സുഷമയുടെ പ്രസംഗം.

സുഷമയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ :

. ഇന്ത്യ ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ജന്മം നല്‍കുമ്പോള്‍, പാക്കിസ്ഥാന്‍ ഭീകരെ സൃഷ്ടിക്കുന്നു.

. ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുന്നു, അയല്‍രാജ്യം ഞങ്ങള്‍ക്കെതിരെയും.

. ഞങ്ങള്‍ ഐഐടികളും ഐഐഎമ്മുകളും ഏയിംസും ഐഎസ്ആര്‍ഒയും സ്ഥാപിച്ചു. അവര്‍ ലഷ്‌കറെ തയിബയും ജയ്‌ഷെ മുഹമ്മദും ഹഖാനി ശൃംഖലയും ഹിസ്ബുല്‍ മുജാഹിദ്ദീനും.

. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തെക്കുറിച്ചും പാക്കിസ്ഥാന്‍ ആരോപിക്കുന്നു. എന്നാല്‍ പാക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നു ‘ആരാണിത് സംസാരിക്കുന്നത്’ എന്ന്.

. ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചാണു സ്വാതന്ത്ര്യം നേടിയത്. എന്നാല്‍ ഇന്ത്യ ഇന്നു ഹൈടെക്ക് സൂപ്പര്‍ പവര്‍ രാജ്യമാണ്. അതേസമയം, പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നതില്‍ പ്രാഗല്‍ഭ്യം നേടി.

. ഭീകര സംഘടനകളെ വളര്‍ത്തുന്നതിനു പകരം രാജ്യത്തിന്റെ വികസനത്തിനു പാക്കിസ്ഥാന്‍ ചെലവഴിച്ചിരുന്നെങ്കില്‍ ഇന്ന് ആ രാജ്യവും ലോകവും കുറച്ചുകൂടി സുരക്ഷിതമായേനെ, കരഘോഷങ്ങള്‍ക്കിടെ സുഷമ പറഞ്ഞുനിര്‍ത്തി.

. ഭീകര സംഘടനകളുടെ പണ്ടേയുള്ള ലക്ഷ്യം ഇന്ത്യയാണ്. ക്രമസമാധാന പ്രശ്‌നമായി നിരവധി രാജ്യങ്ങള്‍ ഭീകരവാദത്തെ കാണുന്നു. എന്നാല്‍ വിഷയം ശരിക്കും പരിഗണിക്കേണ്ട സമയം അടുത്തിരിക്കുന്നു.

. ഭീകരവാദത്തെയും ഭീകരരെയുംകുറിച്ചു രാജ്യങ്ങള്‍ ഇപ്പോഴും വ്യത്യസ്ത നിലപാടാണു പുലര്‍ത്തുന്നത്. ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ ഐക്യത്തിലെത്തി പരിഹാരം കാണണമെന്നു താന്‍ അഭ്യര്‍ഥിക്കുന്നു.

മാത്രമല്ല, യുഎന്നിനുപോലും ഭീകരരുടെ പട്ടികയില്‍ യോജിപ്പിലെത്താനാകുന്നില്ലെന്നും. പിന്നെങ്ങനെ ഒരുമിച്ചു പോരാടുമെന്നും ചൈനയെ ഉന്നമിട്ടു സുഷമ ചോദിച്ചു.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരരരുടെ പട്ടികയില്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈനയാണ് വിലങ്ങുതടിയാകുന്നത്.

അതേസമയം, പാക്കിസ്ഥാന്‍ ഭീകരത്‌ക്കെതിരെ ശക്തമായ സന്ദേശമാണു സുഷമ സ്വരാജിന്റേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

രാജ്യാന്തര വേദിയില്‍ ഇന്ത്യയുടെ അഭിമാനം ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനയാണു മന്ത്രിയുടേതെന്നു പറഞ്ഞ പ്രധാനമന്ത്രി പ്രസംഗം ദീര്‍ഘദൃഷ്ടിയുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.

Top