ഗുസ്തി താരത്തെ കൊലപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് സുശീല്‍ കുമാര്‍

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍. ഡല്‍ഹിയിലെ രോഹിണി കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സുശീല്‍ കുമാറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

മെയ് നാലിനാണ് മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയ്ക്കും സുഹൃത്തുക്കള്‍ക്കും ക്രൂര മര്‍ദ്ദനമേറ്റത്. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ് മേഖലയിലായിരുന്നു സംഭവം.

ചികിത്സയിലായിരുന്ന സാഗര്‍ റാണ മെയ് അഞ്ചിന് മരിച്ചു. ഒളിവില്‍ പോയ സുശീല്‍ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് സുശീല്‍ കുമാറും കൂട്ടാളികളും സാഗര്‍ റാണയെ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന് മര്‍ദിച്ചുവെന്നാണ് സാക്ഷികളുടെ മൊഴി.

സുശീല്‍ കുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക. സുശീലിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപയും പാരിതോഷികം നല്‍കും.

ഒളിംപിക്സ് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Top