സുശാന്തിന്റെ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. തനിക്കെതിരായ എഫ്ഐആര്‍ പറ്റ്നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി അംഗീകരിച്ചു. റിയ ചക്രബര്‍ത്തിയും കുടുംബവും സുശാന്തിനെ വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു.

ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ബിഹാര്‍ പൊലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു.

മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറില്‍ അപകട മരണവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പരിമിതമായ അന്വേഷണം മാത്രമേ ഈ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ നടക്കുകയുള്ളൂ എന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം, ബിഹാര്‍ പോലീസിന്റെ എഫ്ഐആര്‍ സമ്പൂര്‍ണമാണെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ ഇതനുസരിച്ച് സിബിഐക്ക് കഴിയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസന്വേഷണത്തില്‍ മഹാരാഷ്ട്ര പൊലീസ് പൂര്‍ണമായും സഹകരിക്കണമെന്നും ഇതുവരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

Top