സുശാന്തിന്റെ മരണം; റിയ ചക്രവര്‍ത്തി സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടു തനിക്കെതിരേ നടക്കുന്ന മാധ്യമ വിചാരണയില്‍ നടി റിയ ചക്രവര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. തന്നെ മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ കുറ്റവാളിയാക്കി എന്നു ചൂണ്ടിക്കാട്ടിയാണു നടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

താന്‍ രാഷ്ട്രീയ അജന്‍ഡകളുടെ ബലിയാടാകുമെന്നു ഭയക്കുന്നതായും കടുത്ത മാനസിഘാകാതത്തില്‍നിന്നും സ്വകാര്യതയുടെ ലംഘനത്തില്‍നിന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും റിയ സുപ്രീംകോടതിയേട് ആവശ്യപ്പെട്ടു.
സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണം വരുന്നതിനു മുമ്പുതന്നെ തനിക്കെതിരെ മാധ്യങ്ങള്‍ വിചാരണ ആരംഭിച്ചു. പിന്നീടു സാക്ഷികള്‍ എന്ന പേരില്‍ പലരെയും കണ്ടു സംസാരിച്ചുവെന്നും റിയ പറയുന്നു.

അതേസമയം, സുശാന്തിന്റെ മരണത്തില്‍ സിബിഐ കേസെടുത്തു. നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തിയും മറ്റ് അഞ്ച് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സിബിഐ കേസെടുത്തിട്ടുള്ളത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന കേസ് നേരത്തേ സിബിഐയ്ക്കു വിട്ടിരുന്നു.

സുശാന്തിന്റെ പിതാവിന്റെ പരാതി പ്രകാരമാണു കേസ്. വിജയ് മല്യ കേസ്, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസുകള്‍ അന്വേഷിച്ച സംഘമാണ് സിബിഐയ്ക്കായി കേസ് അന്വേഷിക്കുക. ആത്മഹത്യാ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന, മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജൂണ്‍ 14നാണ് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സംഭവത്തില്‍ 50ല്‍ അധികം പേരെ ചോദ്യം ചെയ്‌തെന്നുമാണു മുംബൈ പൊലീസ് പറയുന്നത്. റിയ ചക്രവര്‍ത്തിക്കെതിരെ സുശാന്തിന്റെ പിതാവ് കെ.കെ.സിങ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഹാര്‍ പൊലീസും കേസ് അന്വേഷിക്കുന്നു. സുശാന്തിനെ റിയ മാനസികമായി തളര്‍ത്തിയെന്നും നടന്റെ അക്കൗണ്ടില്‍നിന്നു പണം കൈമാറിയെന്നുമാണ് സുശാന്തിന്റെ പിതാവ് ആരോപിക്കുന്നത്.

Top