ലഹരിമരുന്ന് ലഭിക്കുവാൻ സുശാന്ത് തന്നെ ഉപയോഗപ്പെടുത്തിയിരുന്നെന്ന് റിയ ചക്രബര്‍ത്തി

മുംബൈ : അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന് എതിരെ ആരോപണങ്ങളുമായി നടി റിയ ചക്രബര്‍ത്തി. ലഹരിമരുന്ന് ലഭിക്കാനായി സുശാന്ത് സിങ് അടുപ്പമുള്ളവരെ ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് റിയ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു. തന്നെയും സഹോദരനേയും ഈ രീതിയില്‍ സുശാന്ത് ഉപയോഗിച്ചിട്ടുണ്ടെന്നും റിയ ഹർജിയിൽ വ്യക്തമാക്കി.

ലഹരിമരുന്ന് ലഭിക്കാന്‍ സുശാന്ത് തന്നെ കരുവാക്കുകയായിരുന്നു എന്നാണ് റിയയുടെ ആരോപണം. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് റിയ ഇക്കാര്യങ്ങള്‍ പറയുന്നത്. ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി നാളെ വാദം കേള്‍ക്കും. കനത്ത മഴ മൂലമാണ് വാദം നാളേക്ക് മാറ്റിവെച്ചത്.

സുശാന്ത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നതെന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുകള്‍ സിഗരറ്റിനോടൊപ്പം ചേര്‍ത്ത് തന്റെ കിടപ്പുമുറിയില്‍ വെക്കണമെന്ന് സുശാന്ത് സഹായിയായ നീരജിനോട് ആവശ്യപ്പെട്ടിരുന്നു എന്നും സി.ബി.ഐക്കും മുംബൈ പൊലീസിനും നീരജ് മൊഴി നല്‍കിയിട്ടുണ്ട്. സുശാന്തിന്റെ മരണത്തിന് ശേഷം കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് സൂക്ഷിച്ച പെട്ടികള്‍ കണ്ടെടുത്തു. ഇവ കാലിയായിരുന്നു. അതിനര്‍ഥം സുശാന്ത് ഇവ നിരന്തരം ഉപയോഗിച്ചിരുന്നു എന്നാണെന്നും നീരജ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

താനുമായി പരിചയത്തിലാവുന്നതിന് മുന്‍പ് തന്നെ സുശാന്തിന് ലഹരി ഉപയോഗിക്കുന്ന സ്വഭാവമുണ്ടായിരുന്നു എന്നും റിയ പറയുന്നു. സുശാന്തും കുടുംബവും തമ്മിലുള്ള ബന്ധത്തില്‍ നേരത്തേ തന്നെ പ്രശ്‌നങ്ങള്‍ ഉള്ളതായും റിയ പറഞ്ഞു. സുശാന്ത് വിഷാദരോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ നിൽക്കുമ്പോഴാണ് സഹോദരി വീട് വിട്ട് പോയത് തുടങ്ങിയ കാര്യങ്ങളാണ് റിയ ഹർജിയിൽചൂണ്ടിക്കാട്ടുന്നത്.

സുശാന്ത് ജീവിച്ചിരുന്നുവെങ്കില്‍ ചെറിയ താതില്‍ ലഹരി ഉപയോഗിച്ചതിന് പിടിയിലാകുമായിരുന്നു എന്നും ജാമ്യാപേക്ഷയില്‍ റിയ ചൂണ്ടിക്കാട്ടി. തന്നേയും സഹോദരന്‍ ഷൊവികിനേയും വീട്ടുജോലിക്കാരേയും ലഹരി വാങ്ങിക്കാനായി സുശാന്ത് നിയോഗിച്ചു. എന്നാല്‍ ഇക്കാര്യം തെളിയിക്കാനായി ഒരു തെളിവും അദ്ദേഹം ബാക്കി വച്ചില്ല എന്നും റിയ പറയുന്നു. കേസില്‍ ഇത് രണ്ടാം തവണയാണ് റിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ഒക്ടോബര്‍ 6നാണ് റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുക.

Top