സുശാന്തിന്റെ മരണത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിട പറയാനൊരുങ്ങി സഹനടി

ടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുശാന്തിന്റെ സഹതാരവും സുഹൃത്തുമായ സഞ്ജന സാന്‍ഖി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.

സുശാന്തിന്റെ അവസാന ചിത്രമായിരുന്ന ദില്‍ബേചരായിലെ നായികയാണ് സഞ്ജന. സിനിമ വിടുകയാണെന്ന സൂചനകളാണ് സഞ്ജന തന്റെ പുതിയ കുറിപ്പിലൂടെ നല്‍കുന്നതെന്ന് ആരാധകര്‍ പറയുന്നു. കവിതയുടെ രൂപത്തിലാണ് സഞ്ജന തന്റെ വാക്കുകള്‍ കുറിച്ചിരിക്കുന്നത്. ”മുംബൈയ്ക്ക് വിട, ഞാന്‍ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികള്‍ വ്യത്യസ്തമായി അനുഭവപ്പെട്ടു, അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാന്‍ കാര്യങ്ങള്‍ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം. അല്ലെങ്കില്‍, നിങ്ങള്‍ക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടന്‍. അല്ലെങ്കില്‍ ഇല്ലായിരിക്കാം”- സഞ്ജന കുറിച്ചു.

സുശാന്തിന്റെ മരണത്തിന് ശേഷം സഞ്ജന വല്ലാതെ അസ്വസ്ഥയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ബാദ്ര പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയവരില്‍ സഞ്ജനയും ഉണ്ടായിരുന്നു. സുശാന്തിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് സഞ്ജന നേരത്തേ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

”നിങ്ങള്‍ എപ്പോഴും ആഗ്രഹിച്ചതുപോലെ ഈ സ്വപ്നങ്ങള്‍ ഓരോന്നും നിറവേറ്റാന്‍ ഞാന്‍ എല്ലാം ചെയ്യുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നമ്മള്‍ എല്ലാം ഒരുമിച്ച് ചെയ്യുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്തു”- സഞ്ജന കുറിച്ചു.
സഞ്ജനയുടെ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ദില്‍ ബേച്ചാര. ജൂലൈ 24ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസിനെത്തും. നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയത്.

ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം മെയ് 8നാണ് റിലീസ് തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവച്ചെങ്കിലും സുശാന്തിന്റെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

Top