സുശാന്തിന്റെ മരണം; സി.ബി.ഐ. അമേരിക്കയുടെ സഹായം തേടി

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ഇ-മെയിലില്‍നിന്നും സമൂഹിക മാധ്യമ അക്കൗണ്ടുകളില്‍നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ കണ്ടെത്തുന്നതിന് സി.ബി.ഐ. യു.എസിന്റെ സഹായം തേടി. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ആസ്ഥാനം കാലിഫോര്‍ണിയയിലായതുകൊണ്ടാണ് സുശാന്തിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന സി.ബി.ഐ, വിവരങ്ങള്‍ക്കായി അമേരിക്കയുടെ നിയമസഹായം തേടിയത്.

സുശാന്ത് മരിച്ച് ഒന്നരവര്‍ഷമായെങ്കിലും സംഭവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുകള്‍ നടത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. ദൃക്‌സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളും വിരല്‍ചൂണ്ടുന്നത് ആത്മഹത്യയിലേക്കാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയ എയിംസിലെ വിദഗ്ധരും ഇതേ നിഗമനത്തിലാണ്. ആത്മഹത്യയ്ക്കു പ്രേരണയായി എന്തെങ്കിലും ഉണ്ടായിരുന്നോയെന്നറിയാനാണ് സമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളും ഇ-മെയില്‍ സന്ദേശങ്ങളും പരിശോധിക്കുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

സമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കാനായാല്‍ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനാകുമെന്നാണ് സി.ബി.ഐ.യുടെ പ്രതീക്ഷ. അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കിയ വിവരങ്ങള്‍ സാധാരണഗതിയില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കില്ല. അതിനാല്‍, അമേരിക്കയുമായുള്ള നിയമസഹായ ഉടമ്പടി (എം.എല്‍.എ.ടി.) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നല്‍കിയതെന്ന് സി.ബി.ഐ. അറിയിച്ചു.

ബാന്ദ്രയിലെ വീട്ടില്‍ 2020 ജൂണ്‍ 14നാണ് സുശാന്തിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും മുംബൈ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. കൊലപാതക സാധ്യത സി.ബി.ഐ. തള്ളിയിട്ടില്ലെങ്കിലും യുവനടനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. എം.എല്‍.എ.ടി. വഴി വിവരങ്ങള്‍ ശേഖരിക്കുന്നതിന് സമയമെടുക്കുമെന്നതുകൊണ്ട് അന്വേഷണം ഉടനൊന്നും പൂര്‍ത്തിയാകാനിടയില്ല.

സി.ബി.ഐ. അന്വേഷണത്തിനു സമാന്തരമായി സുശാന്തുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍.സി.ബി.) അന്വേഷണം തുടരുകയാണ്. ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള എന്‍.സി.ബി. അന്വേഷണം വലിയ വിവാദങ്ങളിലേക്ക് നയിക്കുകയും ചെയ്തു. സുശാന്തിന്റെ കൂട്ടുകാരി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ മയക്കുമരുന്നു കേസില്‍ എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Top