വിടപറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച നേതാവ്; പ്രണാമം സുഷമാ ജീ

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച നേതാവായാണ് സുഷമാ ജീ ഇന്ന് ലോകത്ത് നിന്ന് വിടപറഞ്ഞത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ബിജെപിയുടെ വനിതാ മുഖമായി തിളങ്ങാന്‍ അവര്‍ക്ക് സാധിച്ചു. ബിജെപിയെ സാധാരണക്കാരുമായി അടുപ്പിച്ച നേതാക്കളില്‍ പ്രമുഖയായിരുന്നു സുഷമാ ജീ.

ഇന്ത്യന്‍ സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന വിശേഷണവുമായാണ് സുഷമ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. 1977 ഹരിയാന നിയമസഭയില്‍ 25ാം വയസ്സില്‍ ക്യാബിനറ്റ് മന്ത്രിയായി. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജ് തന്നെയായിരുന്നു. 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിസംബര്‍ മൂന്ന് വരെയുള്ള ഹ്രസ്വമായ കാലയളവിലായിരുന്നെങ്കിലും ഷീലാ ദീക്ഷിതിന് മുമ്പേ ഡല്‍ഹിയുടെ മനസ് തെട്ടറിഞ്ഞ വനിതാ നേതാവ് സുഷമയായിരുന്നു.

ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. ഏഴുതവണ ലോക്‌സഭഎംപിയായും അഞ്ച് തവണ എംഎല്‍എയായും ജനങ്ങളെ സേവിച്ചു. 2014ല്‍ സുപ്രധാനമായ വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തു. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി വിദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയെന്ന പേരും സുഷമയുടേത് തന്നെ. വാജ്‌പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ആരോഗ്യ മന്ത്രിയായും ചുമതലയേറ്റു.

ഹരിയാനയായിരുന്നു സുഷമ സ്വരാജിന്റെ ആദ്യ തട്ടകം. 1977ല്‍ അംബാലയില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. ജനത പാര്‍ട്ടി ചിഹ്നത്തിലാണ് അന്ന് മത്സരിച്ചത്. അതേ വര്‍ഷം സംസ്ഥാന മന്ത്രിയുമായി. 27ാം വയസ്സില്‍ ജനതാ പാര്‍ട്ടിയുടെ ഹരിയാന പ്രസിഡന്റായി. പിന്നീട് ബിജെപി-ലോക്ദള്‍ സഖ്യസര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായി. കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചാണ് 1998ല്‍ ഡല്‍ഹി മുഖ്യമന്ത്രിയാകുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ കഷ്ടി രണ്ട് മാസം മാത്രമാണ് മുഖ്യമന്ത്രി കസേരയിലിരുന്നത്.

1991ല്‍ രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ സൗത്ത് ഡല്‍ഹിയില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ലെ ആദ്യ വാജ്‌പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി. 13 ദിവസം മാത്രമായിരുന്നു ആ സര്‍ക്കാറിന്റെ ആയുസ്സ്. പിന്നീട് 1998ല്‍ വാജ്‌പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോഴും കേന്ദ്ര മന്ത്രിയായി. 1999ല്‍ ബെല്ലാരിയില്‍ സോണിയാഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വീണ്ടും രാജ്യസഭാംഗമായി 1999ലെ വാജ്‌പേയി സര്‍ക്കാറില്‍ മന്ത്രിയായി. 2000ല്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി ചുമതലയേറ്റ ശേഷം 2003 വരെ ആ പദവിയില്‍ തുടര്‍ന്നു. 2003 മുതല്‍ 2004വരെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായി.

15ാം ലോക്‌സഭയില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായും സുഷമ സ്വരാജ് പ്രവര്‍ത്തിച്ചു. ബിജെപിയുടെ ആദ്യ വനിതാ വക്താവും സുഷമ സ്വരാജായിരുന്നു. 2014ല്‍ മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട സുഷമ സ്വരാജ് ജനപ്രീതിയാര്‍ജിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സുഷമ രാഷ്ട്രീയ ചുമതലകള്‍ക്ക് അവധികൊടുത്തത്.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേകാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരിയാണ് ഏക മകള്‍.

Top