സുശാന്ത് സിങിന്റെ ബന്ധു അടക്കം മൂന്ന് പേര്‍ക്കെതിരെ വെടിവയ്പ്പ്

പട്ന: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കമുള്ള സംഘത്തിന് നേരെ ആക്രമണം. രണ്ടുപേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാറിലെ സഹര്‍സ ജില്ലയിലാണ് സംഭവം.

സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിങ്ങും സഹായി അലി ഹസനുമാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ നില ഗുരുതരമാണ്. അടുത്തുള്ള മധേപുര ജില്ലയിലേക്കുള്ള യാത്രക്കിടയിലാണ് അക്രമണണമുണ്ടായതെന്നാണ് വിവരം. സഹര്‍സ എസ്പി ലിപി സിങ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

യാത്രക്കിടയില്‍ സഹര്‍സ കോളജിനു സമീപത്തു വച്ച് മറ്റൊരു വാഹനത്തിലെത്തിയ അക്രമിസംഘം രാജ്കുമാറിന്റെ കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മറ്റ് യാത്രക്കാരാണ് ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

രാജ്കുമാര്‍ സിങ്ങുമായുള്ള സ്ഥലതര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക വിവരമെന്ന് എസ്പി ലിപി സിങ് പറഞ്ഞു. പ്രതികളെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.

 

Top