ടി20 ക്രിക്കറ്റില്‍ ബൗളര്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ബാറ്റര്‍ സൂര്യകുമാര്‍ യാദവ്; വെയ്ൻ പാർണൽ

ടി20 ക്രിക്കറ്റില്‍ ബൗളര്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ബാറ്റര്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെയ്ന്‍ പാര്‍ണല്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 33 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ നിന്ന സൂര്യകുമാറിന്റെ ഇന്നിംഗ്സാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ഇതിനുശേഷമായിരുന്നു പാര്‍ണലിന്റെ പ്രതികരണം.

വ്യക്തിപരമായി പറഞ്ഞാല്‍ കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തെ കളി വിലയിരുത്തിയാല്‍ സൂര്യകുമാര്‍ യാദവാണ് ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍. 360 ഡിഗ്രിയില്‍ സ്കോര്‍ ചെയ്യുന്ന അയാളെ പ്രതിരോധിക്കുക എന്നത് ബൗളര്‍മാര്‍ക്ക് എളുപ്പമല്ല. ഓരോ പന്തിനും അനുസരിച്ച് കളിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. മികച്ച ഷോട്ടുകള്‍ കളിക്കുന്നതിനൊപ്പം ചിലപ്പോഴൊക്കെ ഭാഗ്യവും അദ്ദേഹത്തിന്റെ കൂടെയുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി താൻ കാണാനാഗ്രഹിക്കുന്ന കളിക്കാരനാണ് സൂര്യകുമാർ.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 9 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നല്‍കണം. തുടക്കത്തില്‍ സ്വിംഗ് ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് കളിക്കാന്‍ ഞങ്ങളുടെ ബാറ്റര്‍മാര്‍ക്കായില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും പാര്‍ണല്‍ കൂട്ടിച്ചേർത്തു.

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുക്കാനേ ആയുള്ളു. സൂര്യകുമാറിന്റെയും കെ എല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Top