ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ടി20 താരം സൂര്യകുമാര്‍ യാദവ്

ദുബായ്: ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ടി20 താരമായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവ് രണ്ട് വര്‍ഷത്തിനുള്ളിലാണ് ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യയുടെ പ്രകടനം ടി20 ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 31-3 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കാന്‍ സൂര്യക്കായി. അതിന് പിന്നാലെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ അര്‍ധസെഞ്ചുറികള്‍ നേടി. ടി20 ലോകകപ്പില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 60 റണ്‍സ് ശരാശരിയില്‍ 189.68 പ്രഹരശേഷിയിലാണ് സൂര്യ റണ്ണടിച്ചു കൂട്ടിയത്.

മികച്ച രാജ്യാന്തര വനിതാ ടി20 ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ തഹ്‌ലിയ മഗ്രാത്തിന്. 16 മത്സരങ്ങളില്‍ 62.14 ശരാശരിയില്‍ 435 റണ്‍സും 13 വിക്കറ്റുകളും നേടിയാണ് തഹ്‌ലിയ പുരസ്‌കാരം കീശയിലാക്കിയത്. ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാന, പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ നിദാ ദര്‍, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫീ ഡിവൈന്‍ എന്നിവരെ മറികടന്നാണ് തഹ്‌ലിയ മഗ്രാത്തിന്റെ നേട്ടം.

കഴിഞ്ഞ വര്‍ഷത്തെ എമേര്‍ജിംഗ് വനിതാ ടി20 ക്രിക്കറ്റര്‍ക്കുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ രേണുക സിംഗിന്. കഴിഞ്ഞ വര്‍ഷം 29 രാജ്യാന്തര മത്സരങ്ങളില്‍ 40 വിക്കറ്റ് രേണുക സിംഗ് സ്വന്തമാക്കി. 2022ല്‍ മികച്ച പേസും സ്വിങ്ങുമായി അമ്പരപ്പിച്ച രേണുക സിംഗ് 4.62 ഇക്കോണമിയില്‍ 18 ഏകദിന വിക്കറ്റും 6.50 ഇക്കോണമിയില്‍ 22 രാജ്യാന്തര ടി20 വിക്കറ്റുകളും നേടിയിരുന്നു. 26 വയസുകാരിയാണ് രേണുക സിംഗ്. ഇന്ത്യയുടെ തന്നെ യാസ്‌തിക ഭാട്ട്യ, ഓസ്ട്രേലിയന്‍ താരം ഡാര്‍സീ ബ്രൗണ്‍, ഇംഗ്ലണ്ടിന്റെ അലീസ് കാപ്‌സി എന്നിവരെ മറികടന്നാണ് രേണുക സിംഗ് 2022ലെ എമേര്‍ജിംഗ് താരമായത്.

Top