ആദ്യ ദേശിയ പുരസ്കാര മികവിൽ തമിഴകത്തിന്റെ ‘നടിപ്പിൻ നായകൻ’

സൂററൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനായി തിരഞ്ഞെടുക്കപെട്ടിരിക്കുകയാണ് തമിഴകത്തിന്റെ സ്വന്തം സൂര്യ. തുടര്‍ച്ചയായി പരാജയങ്ങളില്‍ നിന്ന് സൂര്യയുടെ ഗംഭീര തിരിച്ചുവരവായിരുന്നു സൂററൈ പോട്ര്. മാരൻ എന്ന കഥാപാത്രത്തിലൂടെ സൂര്യ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെച്ചത്. ചിത്രത്തിലെ നായികയായി എത്തിയ മലയാളി താരം അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.

തമിഴ്‌നാട്ടിലെ ഗ്രാമീണ യുവാവായ നെടുമാരന്റെ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാനുള്ള യാത്രയാണ് ഒറ്റവാക്കില്‍ സൂരറൈ പോട്ര്. എല്ലാവര്‍ക്കും സഞ്ചരിക്കാനാകുന്ന മിതമായ ടിക്കറ്റ് നിരക്കുള്ള ഒരു വിമാന കമ്പനി എന്ന സ്വപ്‌നമാണ് മാരനെ മുന്നോട്ട് നയിക്കുന്നത്. അത്തരമൊരു സ്വപ്‌നം കാണാന്‍ അയാളെ പ്രേരിപ്പിക്കുന്നത് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ്. ത്രില്ലും സെന്റിമെന്‍സുമെല്ലാം ഒരുപോലെ നിറയുന്ന കഥാവഴിയില്‍ മാരനെ തന്റെ അസാധ്യമായ പ്രകടനം കൊണ്ട് സൂര്യ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കൈമാറുന്നു.

ഡെക്കാന്‍ ഉടമയായ ക്യാപ്റ്റന്‍ ജി.ആര്‍.ഗോപിനാഥന്റെ ജീവിതമാണ് ചിത്രത്തിനാധാരം. ജീവിതകഥയെ മികച്ചൊരു സിനിമയാക്കി ജി.ആര്‍.ഗോപിനാഥനായി അഭ്രപാളിയിൽ നിറഞ്ഞാടിയ സൂര്യ തീർച്ചയായും ഈ പുരസ്കാരം അർഹിക്കുന്നതാണ്.

കോവിഡ് പ്രതിസന്ധികള്‍ ഇല്ലായിരുന്നെങ്കില്‍ ഏറെ നാളുകള്‍ക്ക് ശേഷം സൂര്യയുടെ ബോക്‌സോഫീസില്‍ ഇളക്കം തീര്‍ക്കേണ്ടിയിരുന്ന സിനിമയായിരുന്നു സൂരറൈ പോട്ര് എന്ന് പറയാം. പിതാവിന്റെ മരണസമയത്ത് നേരിടേണ്ടി വരുന്ന ദുരനുഭവമാണ് മാരനെ സാധാരണക്കാരനു സഞ്ചരിക്കാവുന്ന വിമാനം എന്ന സ്വപ്‌നത്തിന് പിറകെ ഓടാന്‍ പ്രേരിപ്പിക്കുന്നത്. അതിനായി അയാള്‍ പലവാതിലുകള്‍ മുട്ടുകയും പരാജയപ്പെടുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് വിമാനകമ്പനി മുതലാളികളില്‍ നിന്നും അവരുടെ ശിങ്കടികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും മാരന് ഒരുപാട് അവഗണനകള്‍ നേരിടേണ്ടി വരുന്നു. ഇതിനോടെല്ലാം പൊരുതി വിജയം നേടുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

1975 ജൂലൈ 23 ന് തമിഴ്‌നാട്ടിലെ മദ്രാസിൽ നടൻ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മൂത്ത മകനായി ശരവണൻ എന്ന പേരിലാണ് സൂര്യ ജനിച്ചത്. ചെന്നൈയിലെ പത്മ ശേഷാദ്രി ബാലഭവൻ സ്കൂളിലും സെന്റ് ബേഡ്സ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ച അദ്ദേഹം, ചെന്നൈയിലെ ലയോള കോളേജിൽ നിന്ന് ബിരുദം നേടി. സൂര്യയ്ക്ക് രണ്ട് ഇളയ സഹോദരങ്ങളുണ്ട്, നടൻ കാർത്തിയും ഒരു സഹോദരി ബൃന്ദയുമാണ് സൂര്യയുടെ സഹോദരങ്ങൾ. നടി ജ്യോതികയെയാണ് സൂര്യ വിവാഹം ചെയ്തത്. അവർക്ക് രണ്ട് കുട്ടികളുണ്ട്.

തമിഴ്നാട്ടിലെ പോലെ കേരളത്തിലും ഏറെ ആരാധകരുള്ള നടനാണ് സൂര്യ. അദ്ദേഹത്തിന്റെ സിനിമകളുടെ റീലീസ് സമയത്ത് കേരളത്തിലും വലിയ സ്വീകാര്യതായാണ് ലഭിക്കാറുള്ളത്. നടൻ മമ്മൂട്ടി തമിഴ്‌നാടിനൊപ്പം കേരളത്തിന്റെയും സ്വത്താണ് സൂര്യ എന്നാണ് അമ്മയുടെ വേദിയിൽ വെച്ച് വിശേഷിപ്പിച്ചത്. ഇന്ത്യ മുഴുവൻ ആരാധകരുള്ള ഇദ്ദേഹം തുടർ പരാജയങ്ങൾക്ക് ശേഷം മികച്ച തിരിച്ച് വരവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സൂററൈ പോട്രിന് പിന്നാലെ എത്തിയ ജയ് ഭീമും പ്രമേയം കൊണ്ടും പ്രകടനം കൊണ്ടും മികച്ച് നിന്ന സിനിമയായിരുന്നു. ഇപ്പോൾ ആദ്യ ദേശിയ പുരസ്കാരത്തോടെ ഇരട്ടി മധുരമാണ് സൂര്യക്ക് ലഭിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ഷിഹാബ് മൂസ

Top