സൂര്യയും സംവിധായകന്‍ കെ.വി. ആനന്ദും നാലാമതും ഒന്നിക്കുന്നു; അയന്‍ രണ്ടാം ഭാഗം?

ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യയും സംവിധായകന്‍ കെ.വി. ആനന്ദും നാലാമതും ഒരുമിക്കുന്നു. 2009ല്‍പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം അയന്റെ രണ്ടാം ഭാഗത്തിനായാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ.വി. ആനന്ദ് സംവിധാനം ചെയ്ത് 2019 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ‘കാപ്പാന്‍’ ആണ് സൂര്യയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.

സൂര്യയോടൊപ്പം പ്രഭുവും തമന്നയും പ്രധാന റോളിലെത്തിയ അയന്‍ ബോക്‌സ് ഓഫീസില്‍ 80 കോടിയിലധികം വാരിയിരുന്നു. 2021ന്റെ തുടക്കത്തില്‍ ചിത്രം റിലീസിനെത്തിക്കാനാണ് നീക്കം. കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണറിയുന്നത്.

അതേസമയം, വെട്രിമാരന്റെ ‘വാടി വാസല്‍’ എന്ന് പേരിട്ട ചിത്രത്തിനായി സൂര്യ കരാറൊപ്പിട്ടിട്ടുണ്ട്. സംവിധായകന്‍ ഹരിയുടെ ആക്ഷന്‍ ചിത്രത്തിലാണ് ലോക്ഡൗണിന് ശേഷം സൂര്യ അഭിനയിക്കാനിരിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ‘മാട്രാന്‍’ ആണ് സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് ഒരുക്കിയ മുന്നാമത്തെ ചിത്രം.

സുധ കൊങ്ങര സംവിധാനം ചെയ്ത സൂര്യയുടെ ‘സൂരറൈ പോട്രു’ മേയില്‍ റിലീസ് ചെയ്യാനിരിക്കുന്നതിനിടയിലായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Top