സൂര്യ നായകനാകുന്ന ‘ജയ് ഭീം’ ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുന്നു

സൂര്യ നായകനാകുന്ന ജയ് ഭീം ഒടിടി റിലീസിനെത്തുന്നു. സൂര്യയുടെ 39-ാം ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബറില്‍ റിലീസിനെത്തും. ടി.ജെ ജ്ഞാനവേല്‍ ആണ് സംവിധായകന്‍.

ധനുഷ്- മാരിസെല്‍വരാജ് ചിത്രം കര്‍ണനിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച രജിഷ വിജയനാണ് ജയ് ഭീമിലെ നായിക. 1993ല്‍ നടന്ന ഒരു യഥാര്‍ഥ നിയമപോരാട്ടത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സൂര്യ വക്കീല്‍ വേഷത്തിലാണ് എത്തുന്നത്. പ്രകാശ് രാജ്, ലിജോമോള്‍ ജോസ്, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

മണികണ്ഠന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കൂട്ടത്തില്‍ ഒരുത്തന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് ചിത്രം നിര്‍മിക്കുന്നു.

സൂര്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന മറ്റ് ചിത്രങ്ങള്‍ വെട്രിമാരന്റെ വാടിവാസല്‍, എതര്‍ക്കും തുനിന്തവന്‍ എന്നിവയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന നവരസ എന്ന തമിഴ് ആന്തോളജിയിലെ, ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ പ്രധാന താരമായി അഭിനയിക്കുന്നുണ്ട്.രജിഷ വിജയന്‍ തമിഴും കടന്ന് തെലുങ്കിലേക്ക് ചുവട് വക്കുകയാണ്. രവി തേജ നായകനാവുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ ടോളിവുഡ് അരങ്ങേറ്റം.

 

Top