എന്റെ വിശ്വാസം എനിക്ക് സംരക്ഷിച്ചു കിട്ടണം; മല ചവിട്ടുമെന്ന് സൂര്യ ദേവാര്‍ച്ചന

കൊച്ചി: ശബരിമല ശാസ്താവിനെ കാണുന്ന തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് സൂര്യ ദേവാര്‍ച്ചന. മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയ്യപ്പഭക്തയും വിശ്വാസിയുമാണ് താന്‍. ‘മാറാത്ത’ ആചാരങ്ങള്‍ എന്ന കള്ളത്തരം ഇനിയും കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് വകവെച്ച് തരാന്‍ സാധിക്കില്ല. കാരണം നിരവധിയായ ആചാരാനുഷ്ഠാനങ്ങള്‍ മാറിമാറി വന്നെത്തി നില്‍ക്കുന്നതാണ് ഇന്നത്തെ ഹിന്ദുമതമെന്നും സൂര്യ ദേവാര്‍ച്ചന ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയപ്പഭക്തയും വിശ്വാസിയുമാണ് ഞാന്‍. അപ്പോള്‍ ശബരിമലയില്‍ പോകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ! അത് നേരത്തെ സുവ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല ശാസ്താവിനെ കാണണം. അനുഗ്രഹം നേടണം. അതിനോടനുബന്ധിച്ച് ചിലത് സംസാരിക്കാനുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ്.

1. വിശ്വാസി എന്ന നിലയ്ക്ക് ശബരിമല ചവിട്ടി സന്നിദ്ധാനത്ത് എത്തി അയ്യപ്പനെ കാണാനുള്ള ഭരണഘടനാപരമായ അവകാശം എനിക്കുണ്ട്. അത് എന്റെ മൗലികാവകാശമാണ്. പരമോന്നത നീതിന്യായപീഠം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അതനുവദിച്ച് തന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസപരമായ എന്റെ അവകാശത്തെ എനിക്ക് അനുഭവിക്കനുള്ള അവസരം ഞാന്‍ വിനിയോഗിക്കാനാണ് ശബരിമല യാത്ര. അഥവാ എന്റെ വിശ്വാസം എനിക്ക് സംരക്ഷിച്ച് കിട്ടണം.

2. ആചാരങ്ങളുടെ പേരില്‍ ഇനിയും മാറിനില്‍ക്കാന്‍ തയ്യാറല്ല എന്നാണ് പറഞ്ഞുവരുന്നത്. ‘മാറാത്ത’ ആചാരങ്ങള്‍ എന്ന കള്ളത്തരം ഇനിയും കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് വകവെച്ച് തരാന്‍ സാധിക്കില്ല. കാരണം നിരവധിയായ ആചാരാനുഷ്ഠാനങ്ങള്‍ മാറിമാറി വന്നെത്തി നില്‍ക്കുന്നതാണ് ഇന്നത്തെ ഹിന്ദുമതം. ഒരുകാലത്തും അത് പണ്ടേക്കുപണ്ടേ നിന്നതായി നിന്നിട്ടില്ല. നിരവധി അനുഷ്ഠാനങ്ങള്‍ മാറിയിട്ടുണ്ട്. നമുക്ക് അതൊക്കെ അറിവുള്ളതാണ്. ആചാരങ്ങള്‍ വിവേചനത്തിലധിഷ്ഠിതമാണെങ്കില്‍ അത് മാറ്റപ്പെടേണ്ടതാണ്. പിന്നെ ശബരിമലയിലെ സ്ത്രീവിലക്ക് നൂറ്റാണ്ടുകളായി നിലനിന്നിരുന്നതാണെന്നൊക്കെയുള്ള വാദങ്ങളെ ചരിത്രപരമായി വസ്തുതാപരമായി തന്നെ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണ്. പത്തിരുപത് വര്‍ഷത്തെ പഴക്കമേ അതിനുള്ളു. അതുകൊണ്ട് അത്തരം വാദങ്ങള്‍ കൊണ്ടൊന്നും ഇനിയും മതസങ്കുചിതവാദികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല.

3. വിശ്വാസത്തെ കുറിച്ച് പറയുകയാണെങ്കില്‍ എണ്ണിയാലൊടുങ്ങാത്ത വിശ്വാസങ്ങളിലാണ് ഹിന്ദുമതം നിലയുറപ്പിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടേതായ വിശ്വാസപ്രമാണങ്ങളില്‍ ജീവിക്കാന്‍ അവകാശമുണ്ട്. മുപ്പത്തിമുക്കോട് ദൈവങ്ങളെ ആചരിക്കുന്ന നിരവധിയായ ധാരകളിലാണ് അത് നിലയുറപ്പിച്ചിട്ടുള്ളത്. അവിശ്വാസികളടക്കമുള്ള പാരമ്പര്യധാരകള്‍ ഹിന്ദുമതത്തില്‍ സഹജമാണ് എന്ന് ആര്‍ക്കാണറിയാത്തത്? അതുകൊണ്ട് തന്നെ ശബരിമലയില്‍ കയറി അയ്യപ്പദര്‍ശനം നടത്തണമെന്നാഗ്രഹിക്കുന്ന ഭക്തകളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ആരും തന്നെ അര്‍ഹരല്ല, അവര്‍ക്ക് അധികാരവുമില്ല. സ്ത്രീകളെ കൂകിവിളിച്ചും തല്ലിയും ഭയപ്പെടുത്തിയും തെറിവിളിച്ചും വീടുകയറി ആക്രമിച്ചും, അശ്ലീലങ്ങള്‍ പറഞ്ഞുപരത്തിയും നുണകളാവര്‍ത്തിച്ചും കൊലവിളിനടത്തുന്ന ഗുണ്ടാ സംഘങ്ങളുടേത് വിശ്വാസവും ഒരു മനുഷ്യനുപോലും ആപത്തുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യമുണ്ടാകട്ടെ എന്നാഗ്രഹിക്കുന്ന തനിക്കും കുടുംബത്തിനും രാജ്യത്തിനും നാട്ടുകാര്‍ക്കും ഒക്കെയും നന്മയുണ്ടാവട്ടെ എന്നാഗ്രഹിക്കുന്ന അതിനായി മലകയറുന്ന അയ്യപ്പഭക്തകളുടേത് അവിശ്വാസമെന്നും പ്രഖ്യാപിക്കാന്‍ ഇവര്‍ക്ക് നാണമില്ലേ? ഇവരുടെ അളവുകോലെന്ത്? ഇവര്‍ ആരുടെ പിന്‍തലമുറക്കാര്‍? ആചാരലംഘനം നടത്തിയെന്നപേരില്‍ രാജാറാം മോഹന്‍ റോയിക്കെതിരെയും ശ്രീനാരായണഗുരുവിനെതിരെയുമൊക്കെ കലിതുള്ളി കൊലവിളികളുമായി ഇറങ്ങിയ അക്രമിക്കൂട്ടങ്ങളുടെ ഈ പിന്‍മുറക്കാരെ മാനിക്കെണ്ട, മുഖവിലക്കെടുക്കേണ്ട ബാധ്യത ഹിന്ദുസമൂഹത്തിന്, വിശിഷ്യ സ്ത്രീകള്‍ക്ക് ഇല്ല എന്ന് തന്നെ വിശ്വസിക്കുന്നു.

4. എത്ര വൃത്തികെട്ട നിലയിലാണ് ഇവര്‍ അയ്യപ്പനെ ചിത്രീകരിക്കുന്നത്? എത്ര ദുര്‍ബലനായ മൂര്‍ത്തിയായാണ്, എത്ര നിസ്സഹായനായ മൂര്‍ത്തിയായാണ് ഇവര്‍ ലോകത്തിനുമുമ്പാകെ അയ്യപ്പനെ ചിത്രീകരിക്കുന്നത്? അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്ന ഇവര്‍ അല്ലേ സത്യത്തില്‍ ഹുന്ദുമതവിരുദ്ധര്‍? ഇവരല്ലെ അയ്യപ്പവിരുദ്ധര്‍? ആത്മീയമായി വൃതമനുഷ്ഠിത്ത് തനിക്കു മുമ്പില്‍ എത്തുന്ന ഭക്തകളായ മാളികപ്പുറത്തമ്മമാരെ കണ്ട് ബ്രഹ്മചര്യം നഷ്ടമാകുമോ എന്ന് ഭയക്കുന്ന അയ്യപ്പനോ? അതേതയ്യപ്പന്‍? അപ്പോള്‍ ഈ ചിത്രീകരണം ആരുടേത്? എന്തിനുവേണ്ടിയുള്ളത്? തീര്‍ച്ചയായും സ്ത്രീകളായ ഭക്തകളെ അകറ്റിനിര്‍ത്താന്‍ ഇവര്‍ എന്ത് ദ്രോഹമാണ് ചെയ്തുകൂട്ടുന്നത്? പൂജാരികളായവര്‍ക്ക് മാത്രം ബാധകമായ ബ്രഹ്മചര്യവ്യവസ്ഥ അവര്‍ക്ക് ബാധകമാക്കാതെ ഭക്തകളായ സ്ത്രീകള്‍ക്കുമേല്‍ ഇവര്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.

5. ആചാരപരിപാലനമാണ് ഇവരുടെ ലക്ഷ്യമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല എന്നതിന് നിരവധിയായ തെളിവുകള്‍ നമുക്ക് മുമ്പിലുണ്ട്. എത്രെയെത്ര ആചാരങ്ങള്‍, അതും സ്ത്രീവിലക്കുപോലെയല്ല, നൂറ്റാണ്ടുകള്‍ തന്നെ പഴക്കമുള്ള ആചാരങ്ങള്‍ നശിപ്പിച്ച് തന്നെയല്ലേ ഇവര്‍ അയ്യപ്പ ക്ഷേത്രം അടക്കിവെച്ചിരിക്കുന്നത്? അതിന് ചരിത്രപരമായ തെളിവുകള്‍ തന്നെ നമുക്ക് മുമ്പിലില്ലേ? എന്തെല്ലാം ആചാരങ്ങള്‍ ഇവര്‍ തന്നെ ബലികഴിപ്പിച്ചിരിക്കുന്നു. അപ്പോള്‍ അതല്ല സ്ത്രീവിലക്കിന് കാരണം. മറിച്ച് തങ്ങളുടെ ആധിപത്യവും അധികാരവും നഷ്ടമാകുമോ എന്നുള്ള വേവലാതിയാണ് ബ്രാഹ്മണാദികളെയും പന്തളം കൊട്ടാരത്തെയും ബാധിച്ചിരിക്കുന്നത്. അതിന് ഞങ്ങള്‍ സ്ത്രീകളെ ഇവര്‍ ഇരകളാക്കുകയാണ് ചെയ്യുന്നത്. കാരണം ഇപ്പോഴത്തെ കോടതിയുടെ ജനാധിപത്യ വിധികളിലൂടെ സ്ത്രീകളുടെ പ്രവേശനത്തെ സ്ഥാപിച്ചെടുത്താല്‍ പിന്നീട് അതേപോലെ തന്നെ മലയരയ വിഭാഗമടക്കമുള്ള ആദിവാസികളുടെ അവകാശവും സ്ഥാപിക്കാന്‍ സാധ്യതയുണ്ട് എന്ന് ഇവര്‍ ഭയക്കുന്നു. അതിനെ മുളയിലേ നുള്ളാനാണ് വിശ്വാസത്തില്‍ കോടതിക്ക് ഇടപെടാന്‍ അര്‍ഹതയില്ല എന്ന യുക്തിയെ സ്ഥാപിച്ചെടുക്കാനാണ് സ്ത്രീവിലക്കിനെ ഇവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതാവുമ്പോള്‍ തങ്ങളുടെ അണികളെയും വിശ്വാസികളായ ആണുങ്ങളെയും വൈകാരികമായി ഇളക്കിവിടാനും കോടതിയുടെ ഇടപെടലുകളെ തകര്‍ക്കാനും സാധിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിയോജന വിധിയെ വ്യാപകമായി ഇവര്‍ തന്നെ പ്രചരിപ്പിക്കുന്നതിന്റെ അടിസ്താനവും ഇതുതന്നെയാണ്. ഒരു വിശ്വാസിയായ ഭക്തയായ സ്ത്രീ എന്ന നിലയില്‍ ശബരിമലയുടെ എല്ലാ അവകാശങ്ങളും അതിന്റെ യഥാര്‍ത്ഥ അവകാശികളായ മലയരയ വിഭാഗത്തിന് തിരികെ നല്‍കാന്‍ പന്തളം കൊട്ടാരം തയ്യാറാകണം എന്നാവശ്യപ്പെടുകയാണ്. അവര്‍ കോടതിയെ സമീപിച്ചു എന്നാണറിയുന്നത്. അതിനെ പൂര്‍ണമായും പിന്തുണക്കുന്നു. മാത്രവുമല്ല ഇതിനെ തടയിടാന്‍ ഇപ്പോള്‍ പന്തളം രാജകുടുംബവും ബ്രാഹ്മണാദികളും നടത്തിവരുന്ന കളികള്‍ അവസാനിപ്പിക്കണം. അതിന് സ്ത്രീകളെ ഇരയാക്കുന്ന രീതി അവസാനിപ്പിക്കണം. സ്ത്രീകള്‍ക്ക് അവിടെ മുമ്പത്തേ പോലെ പ്രവേശിക്കാനും അയ്യപ്പനെ കണ്ട് അനുഗ്രഹം നേടാനും ഉള്ള അവകാശം അംഗീകരിക്കണം.

6. പ്രതിഷ്ഠാകര്‍മ്മങ്ങളൊക്കെയും കയ്യടക്കിവെച്ചിരുന്ന ബ്രാഹ്മണാധികാരത്തെ വെല്ലുവിളിച്ച് ‘ഈഴവശിവ’പ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരുവിന്റെ പാരമ്പര്യമാണ് കേരളത്തിനുള്ളത്. വിദ്യാഭ്യാസത്തിനും ഒരുമിച്ചിരുന്ന് പഠിക്കാനും അവകാശമില്ലാതിരുന്ന ഒരുകാലത്ത് അയ്യങ്കാളിയുടെ കൈപിടിച്ച് കയറിയ പാരമ്പര്യം കേരളത്തിനുണ്ട്. അതേ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് തന്നെയാണ് കേരളത്തില്‍ ഞങ്ങള്‍ സ്ത്രീകള്‍ അയ്യപ്പനെ ആരാധിക്കാനും കാണാനും വരുന്നത്. നിങ്ങളുടെ ‘ദുര്‍ബ്ബലനായാ അയ്യപ്പനെ’ കാണാനല്ല വരുന്നത്, ഞങ്ങളുടെ അയ്യപ്പനെ, സ്ത്രീകളുടെ അയ്യപ്പനെ കാണാനാണ് വരുന്നത്.

7. ജനിതകമായി സ്ത്രീകളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള മാതൃഭാവമായ ആര്‍ത്തവത്തെ ചൊല്ലി, അഥവാ ശാരീരികാവസ്ഥയെ ചൊല്ലി അയിത്തം കല്‍പ്പിക്കുന്ന അനീതിയെ അംഗീകരിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കില്ല. അത്തരത്തിലുള്ള അയിത്ത ശുദ്ധിസങ്കല്‍പ്പങ്ങളെ നവോത്ഥാന കേരളം വെല്ലുവിളിച്ചിട്ടുണ്ട് എന്നെന്നും. അതുകൊണ്ട് ആത്മാവിനാണ് ശുദ്ധി കല്‍പ്പിക്കേണ്ടത്. മനസുകൊണ്ട് വരിക്കുന്നതാണ് ശുദ്ധി. അതിനാണ് വ്രതം. അത്തരം വ്രതം മനസുകൊണ്ട് വരിച്ചിട്ടുണ്ട്. അത് അയ്യപ്പന് മനസിലായിക്കൊള്ളും. അയ്യപ്പന്റെ പേരില്‍ തിണ്ണമിടുക്കുകാണിക്കുന്ന ഗുണ്ടകള്‍ക്ക് അത് മനസിലാകണമെന്ന് ഒരാവശ്യവുമില്ല. മനസിലാക്കിക്കൊടുക്കേണ്ട ബാധ്യതയുമില്ല. ഹരിയെ മനസാവരിച്ച ഭക്തമീരക്കുമുന്നിലടയാത്ത ശ്രീകോവിലുകള്‍ ഞങ്ങള്‍ക്കുമുമ്പിലും കൊട്ടിയടക്കാന്‍ ഹരിഹരസുതന് സാധിക്കില്ല. അതെനിക്കുമാത്രമല്ല, വിശ്വാസികളായിട്ടുള്ള എല്ലാവര്‍ക്കും മനസിലാകും.

8. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ചെത്തുന്ന അയ്യപ്പഭക്തകള്‍ക്ക് അയ്യപ്പദര്‍ശനം നടത്താനുള്ള അവസരം ഒരുക്കാന്‍ കേരളപോലീസ് സര്‍വ്വവിധത്തിലും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അതിനുള്ള ജാഗ്രതകാട്ടുമെന്നും വിശ്വസിക്കുന്നു. സര്‍ക്കാരില്‍ തീര്‍ച്ചയായും വിശ്വാസമര്‍പ്പിക്കുന്നു. പോലീസിനോട് സുരക്ഷ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സ്വാമിശരണം.

സ്‌നേഹപൂര്‍വ്വം
സൂര്യ ദേവാർച്ചന

Top