മുന്നാക്കക്കാരുടെ സര്‍വേ പ്രഹസനം, സര്‍ക്കാര്‍ മാനദണ്ഡം തിരുത്തണമെന്ന് എന്‍എസ്എസ്

തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സര്‍വേയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡത്തിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്. മൊബൈല്‍ ആപ്പ് വഴി നടത്തുന്ന സര്‍വേയിലൂടെ അര്‍ഹരെ കണ്ടെത്താന്‍ കഴിയില്ലെന്ന് എന്‍എസ്എസ് വിമര്‍ശിച്ചു.

സെന്‍സസ് എടുക്കുന്ന മാതൃകയിലാകണം സര്‍വേ നടത്തേണ്ടതെന്നും നിലവിലെ രീതി പ്രഹസസനമാകുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുക. എന്നാല്‍ മുഴുവന്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഇത്തരം സര്‍വേയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വ്യക്തമായ വിവരം കിട്ടില്ലെന്നാണ് എന്‍എസ്എസിന്റെ ആരോപണം.

മുന്നാക്ക സമുദായങ്ങളെ സംബന്ധിച്ചായാലും സര്‍ക്കാരിനെ സംബന്ധിച്ചായാലും സര്‍വേ ഭാവിയില്‍ ആധികാരിക രേഖയായി മാറേണ്ടതാണെന്ന കരുതല്‍ വേണമെന്നും വാര്‍ത്താക്കുറിപ്പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും 10 ശതമാനം സംവരണം നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍വേ.

Top