കെ റെയിലിന്റെ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റിയ നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ മാടായിപ്പാറയില്‍ കെ റെയിലിന്റെ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റിയ നിലയില്‍. ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്ത് അഞ്ച് സര്‍വേക്കല്ലുകള്‍ പിഴുതി മാറ്റിയ നിലയില്‍ കണ്ടെത്തി.

ആരാണ് പിഴുതു മാറ്റിയതെന്ന് വ്യക്തമല്ല. വഴിയാത്രക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 15 ദിവസം മുമ്പാണ് ഇവിടെ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചത്. ഈ സമയത്ത് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതേസമയം കെ റെയിലിനെതിരെ തുറന്ന പോരിനെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെറും സ്വപ്നം മാത്രമാണിത്. മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങും. കുറ്റികള്‍ പിഴുതെറിയും. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രിക്ക് വിളിച്ചു വരുത്താമെന്നും കെ സുധാകരന്‍ പറഞ്ഞു.

Top