സകല സർവേകളിലും ഇടതു തരംഗം, യുവത്വത്തെ ഇറക്കാൻ സി.പി.ഐ.എം !

ദ്യം ഏഷ്യാനെറ്റ് തൊട്ടു പിന്നാലെ 24, ഒടുവില്‍ എ.ബി.പി – സീ വോട്ടര്‍ . . . പുറത്തു വന്ന എല്ലാ അഭിപ്രായ സര്‍വ്വേകളും കേരളത്തില്‍ പ്രവചിച്ചിരിക്കുന്നത് ഇടതു തരംഗമാണ്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന അഭിപ്രായ സര്‍വേയില്‍ ഇടതുപക്ഷത്തിന് 83 മുതല്‍ 91 സീറ്റുകള്‍ വരെയാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 47 മുതല്‍ 55 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപിക്ക് രണ്ട് വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് എ.ബി.പി – സീഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സര്‍വേഫലം വ്യക്തമാക്കുന്നുണ്ട്. കൊവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങളും ഏറെ ഗുണം ചെയ്യുമെന്നാണ് സര്‍വ്വേ ഫലങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫ് നേതൃത്വത്തെയും ബി.ജെ.പിയെയും ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണിത്.

മൂന്നു സര്‍വേ റിപ്പോര്‍ട്ടുകളും ഒരേ കാര്യം തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പ്രചരണ തന്ത്രം മാറ്റാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലവിലെ തീരുമാനം. ഒന്നില്‍ നിന്നും രണ്ടിലേക്കല്ല, പത്തിലേക്കാണ് ബി.ജെ.പി സീറ്റുകള്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധമായി കര്‍ശന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നല്‍കിയിരിക്കുന്നത്. കേന്ദ്ര മന്ത്രി പ്രഹളാദ് ജോഷി കേരളത്തില്‍ തങ്ങിയാണ് പ്രചരണത്തിനു മേല്‍ നോട്ടം വഹിക്കുന്നത്. അമിത് ഷാ അടക്കമുള്ള മറ്റു കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം പ്രചരണത്തിനെത്തും.

യോഗി ആദിത്യ നാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പി മുഖ്യമന്ത്രിമാരെ എത്തിക്കുന്നതിനും ബി.ജെ.പി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സകല ശക്തിയും ഉപയോഗിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വവും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് ദേശീയ നേത്രത്വം പ്രതീക്ഷ പുലര്‍ത്തുന്ന ഏക സംസ്ഥാനവും കേരളമാണ്. അതുകൊണ്ടു തന്നെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവര്‍, കേരളത്തില്‍ തമ്പടിച്ച്, പ്രചരണത്തിനു നേതൃത്വം കൊടുക്കും. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സേവനമാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയും പ്രയോജനപ്പെടുത്തുന്നത്.

ഇടതുപക്ഷത്തിന്റെ പ്രചരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത് സി.പി.എമാണ്. ഇത്തവണ കേരള കോണ്‍ഗ്രസ്സ് (എം) കൂടി മുന്നണിയില്‍ വന്നത് മധ്യ തിരുവതാംകൂറില്‍ ഇടതിന്റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അഭിപ്രായ സര്‍വ്വേകള്‍ ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെയാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. സര്‍ക്കാറിന്റെ വികസന പദ്ധതികള്‍, ജനക്ഷേമ നടപടികള്‍ എന്നിവയാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചരണായുധങ്ങള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, കര്‍ഷക പ്രക്ഷോഭം എന്നിവയും ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ”ഉറപ്പാണ് ഇടതുപക്ഷം” എന്ന പ്രചരണവാക്യവും ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ വിജയമാണ് ഇടതുപക്ഷത്തിന് ആത്മ വിശ്വാസം നല്‍കുന്നത്. 140 – ല്‍ 90 സീറ്റെങ്കിലും നേടാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്.

ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ തന്നെയാണ് മൂന്നു മുന്നണികളുടെയും തീരുമാനം. കേരള ചരിത്രത്തില്‍ ഏറ്റവും അധികം യുവത്വം പരിഗണിക്കപ്പെടുന്നതും ഈ തിരഞ്ഞെടുപ്പില്‍ തന്നെയായിരിക്കും. അതേസമയം, എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് സീറ്റുകള്‍ നല്‍കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. സി.പി.ഐയും യുവാക്കളെ പരിഗണിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും യുവത്വത്തെ പരിഗണിക്കുന്ന ലിസ്റ്റാണ് പരിഗണിക്കുന്നത്. അത് എത്രമാത്രം എന്നത് പട്ടിക പൂര്‍ണ്ണമായും പുറത്തു വന്നതോടെ മാത്രമേ വ്യക്തമാകുകയൊള്ളൂ. മുസ്ലീം ലീഗും കോണ്‍ഗ്രസ്സും യുവ പ്രാതിനിത്വത്തില്‍ പിശുക്ക് കാണിച്ചാല്‍ വലിയ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്. 21 കാരിയായ എസ്.എഫ്.ഐ ക്കാരിയെ മേയറാക്കി ഞെട്ടിച്ച സി.പി.എമ്മിനെ തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും എതിരാളികളും ഉറ്റു നോക്കുന്നത്.

കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്സ്, എം.എസ്.എഫ് , യൂത്ത് ലീഗ് നേതാക്കള്‍, സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആദ്യം നടക്കട്ടെ എന്ന പ്രതീക്ഷയിലാണ്. യു.ഡി.എഫ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇതു വഴി കഴിയുമെന്നാണ് സ്ഥാന മോഹികള്‍ കരുതുന്നത്. ഇടതു പക്ഷത്തിന് ഭരണ തുടര്‍ച്ച ലഭിച്ചാല്‍ യു.ഡി.എഫ് എന്ന സംവിധാനം തന്നെ തകരുമെന്നതിനാല്‍ ഗ്രൂപ്പ് താല്‍പ്പര്യം മാറ്റിവച്ച സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഇത്തവണ കോണ്‍ഗ്രസ്സ് നടത്തുന്നത്. ഹൈക്കമാന്റിന്റെ നേരിട്ടുള്ള ഇടപെടലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനു പിന്നില്‍ അച്ചടക്കത്തോടെ നിലയുറപ്പിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണ തുടര്‍ച്ച ഉണ്ടായാല്‍ കേരളം ചെങ്കോട്ടയായി മാറുമെന്നും പിന്നീട് ഒരിക്കലും പ്രതിപക്ഷത്തിന് ഭരണം സ്വപ്നം കാണാന്‍ പോലും കഴിയില്ലന്നുമാണ് വിലയിരുത്തല്‍. ഇതേ അഭിപ്രായം തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു മുന്നണിക്ക് തുടര്‍ ഭരണം നല്‍കിയ ചരിത്രമില്ല. നവ മാധ്യമങ്ങളുടെ പുതിയ കാലത്ത് ആ ചരിത്രം തിരുത്തി എഴുതാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞാല്‍ അത് കേരള രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. മുന്നണി സമവാക്യങ്ങള്‍ തന്നെയാണ് മാറിമറിയുക. അങ്ങനെ സംഭവിച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും രാഷ്ട്രീയ ഭാവി കൂടിയാണ് അതോടെ തീരുക.

Top