മഥുര മസ്ജിദിലെ സര്‍വെ; അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മാതൃകയില്‍ മഥുരയില്‍ സര്‍വ്വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേക്ക് വിസമ്മതിച്ചത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ മഥുര കോടതിയിലേയ്ക്ക് മാറ്റാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ മോസ്‌ക് കമ്മിറ്റി നല്‍കിയ പ്രത്യേക ഹര്‍ജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് മോസ്‌ക് കമ്മിറ്റി കോടതിയില്‍ പരാമര്‍ശിച്ചത്. വാക്കാലുള്ള അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ്വിഎന്‍ ഭാട്ടിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

ഗ്യാന്‍വാപി മാതൃകയില്‍ മഥുരയില്‍ സര്‍വ്വേയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ വ്യാഴ്‌ഴചയാണ് അനുമതി നല്‍കിയത്. മഥുര ഷാഹി ഇദാഹ് മസ്ജിദില്‍ സര്‍വ്വേ നടത്തുന്നതിനായിരുന്നു ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനായി മൂന്നംഗ കമ്മീഷനെയും അലഹബാദ് ഹൈക്കോടതി നിയോഗിച്ചിരുന്നു. മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണ വിരാജ്മാന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. കൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിയിലെ വാദം. ക്ഷേത്രം നിലനിന്ന സ്ഥലത്ത് പതിനേഴാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

നേരത്തെ സിവില്‍ കോടതി ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെ മഥുര ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് സിവില്‍ കോടതി തീരുമാനം അസാധുവാക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് ശ്രീകൃഷ്ണ ഭക്തര്‍ എന്ന നിലയില്‍, തങ്ങളുടെ മൗലികമായ മതപരമായ അവകാശങ്ങള്‍ കണക്കിലെടുത്ത് കേസ് കൊടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 2022 മെയ് മാസത്തില്‍ മഥുര ജില്ലാ കോടതി ഹര്‍ജി നിലനില്‍ക്കുമെന്ന് വിധിക്കുകയും സിവില്‍ കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.പിന്നീട്, 2023 മെയ് മാസത്തില്‍, ഈ കേസ് വിചാരണ കോടതിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഭാഗം സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി അനുവദിച്ചു. ഫെബ്രുവരി ഒന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് നളിന്‍ കുമാര്‍ ശ്രീവാസ്തവ വിഷയം പരിഗണിക്കേണ്ടതുണ്ടെന്നും വിഷയത്തില്‍ മറുപക്ഷത്തിന്റെ പ്രതികരണം തേടണമെന്നും അഭിപ്രായപ്പെട്ടിരുന്നു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 

Top