കൊവിഡ്; രോഗബാധിതരുടെ വാസമേഖല ബഫര്‍ സോണായി പ്രഖ്യപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ചവരുടെ വീടും ചുറ്റുമുള്ള പ്രദേശവും ബഫര്‍ സോണായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. രോഗബാധിതരുടെ വീടിന് ചുറ്റുമുള്ള എട്ടു കിലോമീറ്ററാണ് ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

ബഫര്‍ സോണില്‍ ഉള്‍പ്പെട്ട മേഖലയിലെ വീടുകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പരിശോധന നടത്തും. അന്‍പത് വീടുകളില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയിലാവും പരിശോധന നടത്തുക. ഈ പ്രദേശത്തെ ആളുകളെ മാറ്റി പാര്‍പ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

ഇതിനായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്റെ (ജിസിസി) ശമ്പളപ്പട്ടികയില്‍ 2500 ഡിബിസി തൊഴിലാളികള്‍, 1500 അംഗന്‍വാടി തൊഴിലാളികള്‍, 750 നഴ്സുമാര്‍, 1500 സ്‌കൂള്‍ അധ്യാപകര്‍ എന്നിവരെ നിയമിക്കും.

50കൊവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം
തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച മലയാളി ഡോക്ടറുടെ പത്ത് മാസമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ കോട്ടയം സ്വദേശിനിയായ ഇയാളുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും കോയമ്പത്തൂര്‍ ഇഎസ്ഐ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Top