മലയാള സിനിമാലോകം ഒന്നടങ്കം തിരിഞ്ഞതില്‍ അമ്പരപ്പ്‌; ദിലീപിനെ പിന്തുണച്ച് റസൂല്‍ പൂക്കുട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്.

ദിലീപിനെതിരെ മലയാള സിനിമാലോകം ഒന്നടങ്കം തിരിഞ്ഞത് കണ്ടപ്പോള്‍ അമ്പരന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ദേശീയതലത്തില്‍ തന്നെ പ്രസിദ്ധനായ ഒരാള്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.

റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പ്:

ദിലീപ് അറസ്റ്റിലായതോടെ മലയാളസിനിമാലോകം അദ്ദേഹത്തിനെതിരെ പെരുമാറുന്നത് കണ്ട് അമ്പരന്നു പോയി. ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വത്തില്‍ നിന്നും അമ്മ സംഘടന അദ്ദേഹത്തെ ഒഴിവാക്കി.

നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രകാരം കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണ്. എന്തിനാണ് ഇത്ര പെട്ടന്ന് അദ്ദേഹത്തെ കുറ്റക്കാരനാക്കുന്നത്.

ഒരുകൂട്ടം ആളുകള്‍ ദിലീപിന്റെ കേസ് എന്താണെന്ന് അറിയാന്‍ എത്തിനോക്കുന്ന ഒരു സ്വഭാവം ഉണ്ട്. ടിആര്‍പി റേറ്റിങ് കൂട്ടാനുള്ള നാടകം മാത്രമായിരുന്നു ഈ കേസിലെ മാധ്യമവിചാരണകള്‍. തെളിവെടുപ്പിനായി പൊതുസമൂഹത്തിന് മുന്നിലൂടെ അദ്ദേഹത്തെ കൊണ്ടുപോയത് തന്നെ തെറ്റാണ്.

ഈ കേസില്‍ കോടതി വിവേകത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ പറയുന്നതുകൊണ്ട് ആ പെണ്‍കുട്ടിക്കുണ്ടായ ക്രൂരമായ അനുഭവത്തെ മാറ്റിനിര്‍ത്തുകയല്ല, തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. സ്ത്രീകള്‍ക്കെതിരായ അക്രമം ന്യായീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ കേസില്‍ മലയാളിയുടെ മനോഭാവമാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. ദിലീപ് തെറ്റുകാരനല്ലെങ്കില്‍ പരിതാപകരമെന്നേ പറയാന്‍ കഴിയൂ.

Top