ഗോത്രവര്‍ഗക്കാര്‍ക്ക് പട്ടയം; ‘നിങ്ങള്‍ വലിയ പ്രതീക്ഷ’, സ്റ്റാലിന് കയ്യടിച്ച് സൂര്യയും ജ്യോതികയും

ചെന്നൈ: ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നടപടിയെ അഭിനന്ദിച്ച് താരദമ്പതികളായ സൂര്യയും ജ്യോതികയും. ഗോത്രവര്‍ഗക്കാരുടെ വീടു തേടിയെത്തി മുഖ്യമന്ത്രി നല്‍കിയത് വെറും പട്ടയമല്ല, വലിയ പ്രതീക്ഷയാണെന്ന് സൂര്യ ട്വിറ്ററില്‍ കുറിച്ചു.

നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സ്റ്റാലിന്‍ പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തത്.

‘തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഗോത്രവര്‍ഗക്കാരുടെ വീട് തേടിയെത്തി നല്‍കിയത് വെറും പട്ടയം മാത്രമല്ല അതൊരു പ്രതീക്ഷയാണ്. കാലാകാലങ്ങളായി തുടരുന്ന ഗോത്രവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണത്’- സൂര്യ പറഞ്ഞു.

ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനായി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്ന വ്യക്തിയാണ് സ്റ്റാലിനെന്ന് ജ്യോതിക പ്രതികരിച്ചു. സത്യം നടപ്പാക്കുന്നതാണ് നീതി. അത് സ്റ്റാലിന്‍ തെളിയിച്ചു- ജ്യോതിക പറഞ്ഞു.

‘എന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളാണ്. പ്രവൃത്തിയിലെ സത്യമാണ് നീതി. അത് നിങ്ങള്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആളുകളുടെ പ്രശ്‌നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ വേഗത്തിലെടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങള്‍ തെളിയിച്ചു. വിദ്യാഭ്യാസ രംഗത്ത് സംഭവിച്ച ഗുണകരമായ മാറ്റങ്ങള്‍ 16 വര്‍ഷത്തിനിടയ്ക്ക് അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. ഇരുളര്‍ക്കും കുറവര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റും പട്ടയവും നല്‍കിയതും മറ്റു ഇളവുകള്‍ അനുവദിച്ചതും വലിയ പ്രതീക്ഷയാണ്.’- ജ്യോതിക കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഇരുള ഗോത്രവിഭാഗക്കാരുടെ ഉന്നമനത്തിനായി സൂര്യയും ജ്യോതികയും ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു. സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ജയ് ഭീമിന്റെ റിലീസിന് മുന്നോടിയായാണ് ഒരു കോടിയുടെ ചെക്ക് താരങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറിയത്.

Top