Surgical strikes; Indian media’s movements against pakistan

ന്യൂഡല്‍ഹി : ഉറി ആക്രമണത്തിന് ഇന്ത്യ-പാക്ക് അതിര്‍ത്തിക്കുള്ളില്‍ കയറി നടത്തിയ ആക്രമണത്തെ നിഷേധിച്ച് അന്താരാഷ്ട്ര തലത്തില്‍ കള്ള പ്രചരണം നടത്തുന്ന പാക്ക് നടപടി പൊളിച്ചടുക്കിയത് ദേശീയ മാധ്യമങ്ങള്‍.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സും സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലുമാണ് പാക്ക് കള്ളക്കഥ പാക് പൗരന്മാരെ തന്നെ ഉപയോഗിച്ച് പൊളിച്ച് കളഞ്ഞത്.

അതിര്‍ത്തിക്കുള്ളില്‍ കയറി ഇന്ത്യന്‍ കമാന്‍ഡോകള്‍ ഭീകര താവളങ്ങള്‍ തകര്‍ത്തതായി സമീപ പ്രദേശത്ത് താമസിച്ചവര്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ്സ് നടത്തിയ ‘ഹിഡന്‍ ഓപ്പറേഷനില്‍’ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നിയന്ത്രണ രേഖക്കടുത്ത് താമസിക്കുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായ അതിര്‍ത്തിക്കപ്പുറത്തെ പാക്കിസ്ഥാനികളോട് തന്ത്രപൂര്‍വ്വം ചാറ്റ് ചെയ്തും ഫോണില്‍ ബന്ധപ്പെട്ടുമാണ് വിവരങ്ങള്‍ ആരാഞ്ഞിരുന്നത്. ഇങ്ങനെ മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ട 5 പേര്‍ കമാന്‍ഡോ ഓപ്പറേഷന്‍ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ട്രക്കില്‍ കയറ്റി പാക്ക് സൈന്യം നീക്കം ചെയ്യുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്ത് വിട്ട വാര്‍ത്ത പാക്കിസ്ഥാന് വന്‍ തിരിച്ചടിയായിരിക്കെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനല്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

പാക്ക് അതിര്‍ത്തി പ്രദേശത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍’ കുടുങ്ങിയത്. മേലധികാരിയായി തെറ്റിദ്ധരിപ്പിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. സെപ്തംബര്‍ 29 ന് ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ച് പാക് സൈന്യത്തിനോ പൊലീസിനോ യാതൊര വിവരവുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ 5 പാക് പട്ടാളക്കാര്‍ കമാന്‍ഡോ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യപോലും ഒരു പാക് പട്ടാളക്കാരനാണ് കൊല്ലപ്പെട്ടതെന്നാണ് വ്യക്തമാക്കിയിരുന്നത്.

മേഖലയിലെ മീന്‍പൂര്‍ റേഞ്ചിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി ഗുലാം അക്ബറിന്റെ ഈ വെളിപ്പെടുത്തല്‍ പാക്കിസ്ഥാന് വന്‍ പ്രഹരമായിരിക്കുകയാണിപ്പോള്‍. സാരമ്‌നിയിലെ ഭീംബേര്‍, പുഞ്ചിലെ ഹസീറ, നിലംമിലെ കയാനി എന്നിവിടങ്ങിലായിരുന്നു ഇന്ത്യന്‍ ആക്രമണം. പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടക്ക് ഒരേ സമയത്ത് വിവിധ ഇടങ്ങളിലായിരുന്നു ആക്രമണം.

ആക്രമണം നടത്തി ഇന്ത്യന്‍ ടീം പോയതിനുശേഷം മാത്രമാണ് പാക് സൈന്യം സ്ഥലത്തെത്തിയതെന്നും എസ്.പി വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗത്തിന്റെ മൃതദേഹവും സംഭവ സ്ഥലത്തിനടുത്തു തന്നെ കുഴിച്ചിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം സംബന്ധിച്ച് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യമാണ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്വന്തം രാജ്യത്ത് നടന്ന ആക്രമണം പാക്കിസ്ഥാന്റെ സൈനിക പ്രതിരോധത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മാത്രമല്ല ഔദ്യോഗികമായി തന്നെ ഒരു രാഷ്ട്രം കള്ളം പറഞ്ഞു എന്നതിനാല്‍ മുന്‍പ് തന്നെ വിശ്വാസ്യത നഷ്ടപ്പെട്ട പാക്കിസ്ഥാന്റെ മുഖം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ കൂടുതല്‍ വികൃതമായിരിക്കുകയാണ്.

Top