surgical strikes; give rise to another military coup in Pakistan?

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സൈനിക നടപടിയില്‍ ആടിയുലഞ്ഞ് പാക് ഭരണകൂടം. പാക്കിസ്ഥാനില്‍ സൈനിക അട്ടിമറിക്കുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മുന്‍ പാക് പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന ജനറല്‍ പര്‍വേശ് മുഷറഫ് ജനാധിപത്യ ഭരണകൂടത്തിന്റെ വീഴ്ചയാണ് പാക് സൈന്യം അനുഭവിക്കുന്നതെന്ന് പറഞ്ഞ് സൈന്യത്തെ പിന്തുണച്ച് രംഗത്തെത്തിക്കഴിഞ്ഞു. സൈനികഭരണമാണ് അഭികാമ്യമെന്ന നിലപാടിലാണ് മുഷറഫ്.

ഇപ്പോഴത്തെ പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് നവംബറില്‍ സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. അപമാനിക്കപ്പെട്ട് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഇയാള്‍ക്ക് താല്‍പര്യമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.അതുകൊണ്ട് തന്നെ പാക് സൈന്യം ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇപ്പോള്‍ അതിര്‍ത്തിയില്‍ ഉണ്ടാക്കുന്ന പ്രകോപനവും ഇതിന്റെ ഭാഗമാണ്.

മുന്‍പ് ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ റഹീല്‍ ഷരീഫിന്റെ സഹോദരന്‍ കൊല്ലപ്പെട്ടതിനാല്‍ ഇന്ത്യയോട് പകരം ചോദിക്കുക എന്നത് യുദ്ധക്കൊതിയനും അധികാരമോഹിയുമായി ഈ പട്ടാള മേധാവിയുടെ വ്യക്തിപരമായ താല്‍പര്യം കൂടിയാണ്.

അതേസമയം, ഇന്ത്യന്‍ സൈനിക നടപടിയില്‍ പാക് സര്‍ക്കാരിനും സൈന്യത്തിനുമിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുകയാണ്. ഇന്ത്യയുടെ ആക്രമണത്തെ സര്‍ക്കാര്‍ അപലപിക്കുമ്പോള്‍ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന അഭിപ്രായത്തിലാണ് സൈന്യം.

ഇന്ത്യന്‍ തിരിച്ചടിയെ ചെറുക്കാന്‍ സര്‍വ്വസന്നാഹമൊരുക്കി കാത്തിരിക്കുന്നതിനിടെ പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം സ്ഥിരീകരിച്ചാല്‍ അത് സൈന്യത്തിന്റെ മനോവീര്യം കെടുത്തുമെന്നും ലോകത്തിന് മുന്നില്‍ നാണം കെടുമെന്നുമുള്ള നിലപാടിലായിരുന്നു സൈന്യം.എന്നാല്‍ ആക്രമണ വിവരം ഇന്ത്യ തന്നെ പുറത്ത് വിടുകയും പാക് ഭരണകുടം അത് സ്ഥിരീകരിക്കുകയും ചെയ്തത് സൈന്യത്തിന് വലിയ തിരിച്ചടിയാവുകയായിരുന്നു.

സൈന്യത്തിന്റെ ‘അഭിമാന’ത്തിനു മുറിവേറ്റാല്‍ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച ചരിത്രമാണ് പാക് സൈന്യത്തിനുള്ളത്. നേരത്തെ പല തവണ പാക്കിസ്ഥാനില്‍ സൈനിക അട്ടിമറി നടന്നിട്ടുണ്ട്. ജനറല്‍ പര്‍വേശ് മുഷറഫ് സൈനിക അട്ടിമറിയിലൂടെയാണ് പാക് ഭരണം പിടിച്ചെടുത്തത്.

ഇന്ത്യയെ ആക്രമിച്ച കാര്‍ഗില്‍ യുദ്ധവും മുഷറഫിന്റെ ഭരണകാലത്തായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഇപ്പോഴത്തെ സൈനിക മേധാവി റഹീല്‍ ഷെരിഫ്.

സൈനിക നീക്കത്തിലൂടെ പാക് അധീന കാശ്മീരിലെ ഭീകരവാദ താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ കാശ്മീര്‍ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് പ്രത്യേക ഫെഡറല്‍ മന്ത്രിസഭാ യോഗത്തിനു ശേഷം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇപ്പോള്‍ വ്യക്തമാക്കിട്ടുള്ളത്. ഇത് നിലനില്‍പ്പ് മുന്‍നിര്‍ത്തിയാണ്.

19ാമത് സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ പ്രേരിപ്പിച്ചുവെന്ന പുതിയ ആരോപണവും പാക്കിസ്ഥാന്‍ ഇപ്പോള്‍ ഉന്നയിച്ചിട്ടുണ്ട്.

ഭീകരതയുടെ പേരില്‍ രാജ്യാന്തര തലത്തില്‍ പാകിസ്താന്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഈമാസം അഞ്ചിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും പാകിസ്താന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കുനേരെയുള്ള ആക്രമണത്തില്‍ ചൈനയുടെ പിന്തുണ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പാക് സൈന്യവും പ്രതിരോധത്തിലാണ്.

അന്താരാഷ്ട്രതലത്തില്‍ പാക് നിലപാടിന് പിന്തുണ തേടുന്ന കാര്യത്തില്‍ നവാസ് ഷെരീഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്നാണ് സൈന്യത്തിന്റെ ആരോപണം.

പാക് ഭരണകൂടവുമായുള്ള സൈന്യത്തിന്റെ ഭിന്നത അട്ടിമറിയില്‍ കലാശിച്ചാല്‍ അത് പട്ടാളത്തിന് പുറമെ ഭീകരര്‍ക്കും വലിയ പിടിവള്ളിയാകും.

ഈയൊരു സാഹചര്യം മുന്നില്‍ കണ്ട് അണുവായുധ രാഷ്ട്രമായ പാക്കിസ്ഥാന് മേലുള്ള നിരീക്ഷണം ഇന്ത്യക്ക് പുറമെ അമേരിക്കയും റഷ്യയുമടക്കമുള്ള ലോകരാഷ്ട്രങ്ങളും ശക്തമാക്കിയിട്ടുണ്ട്.

സൈനിക അട്ടിമറി നടന്നാല്‍ അണുവായുധം മാത്രമല്ല മറ്റ് തന്ത്രപ്രധാന ആയുധങ്ങളും ഭീകരരും സൈന്യത്തിലെ തീവ്രവാദികളും കൈവശപ്പെടുത്തുമെന്ന ആശങ്കയെ തുടര്‍ന്നാണിത്. ഏത് സാഹചര്യവും നേരിടാന്‍ സര്‍വ്വസന്നാഹമൊരുക്കിയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

Top