സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യന്‍ സേനയെ സഹായിച്ചത് പുലി വിസര്‍ജ്ജ്യം

army

ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിച്ചത് പുലി വിസര്‍ജ്ജ്യം. 2016 സെപ്തംബറിലാണ് ചരിത്രത്തില്‍ ഇടം നേടിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യ നടത്തുന്നത്. ഗ്രാമത്തിലെ നായ്ക്കളെ ഇരുട്ടില്‍ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു പുലിയുടെ വിസര്‍ജ്ജ്യം ഉപയോഗപ്പെടുത്തിയത്.

ലെഫ്റ്റനന്റ് ജനറല്‍ രാജേന്ദ്ര നിംഭോര്‍ക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം ഇപ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 15 പേരടങ്ങുന്ന സുരക്ഷാ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു നിഭോര്‍ക്കര്‍. ജമ്മു മേഖലയിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.

ഗ്രാമത്തിലെ നായകള്‍ ശത്രുക്കള്‍ക്ക് സൈന്യത്തിന്റെ കടന്നുവരവിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുമായിരുന്നു. എന്നാല്‍, അവിടങ്ങളില്‍ പുള്ളിപ്പുലി ആക്രമണം അതിരൂക്ഷമായിരുന്നു. നായകള്‍ക്ക് പുലിയെ പേടിയാണെന്നു സൈന്യം മനസ്സിലാക്കി. പുലിയുടെ വിസര്‍ജ്ജ്യം കയ്യില്‍ കരുതി. പുലിയാണ് വരുന്നതെന്ന് കരുതി നായകള്‍ പേടിച്ച് മാറിപ്പോയത് ഇന്ത്യന്‍ സൈന്യത്തിന് സുരക്ഷിതമായി മുന്നോട്ടു പോകാന്‍ വഴിയൊരുക്കി.

വലിയ രഹസ്യ സ്വഭാവമായിരുന്നു സര്‍ജ്ജിക്കല്‍ ഓപ്പറേഷന് ഉണ്ടായിരുന്നത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഒരാഴ്ചത്തെ സമയമാണ് ഒരുക്കങ്ങള്‍ക്കായി നല്‍കിയത്. ലക്ഷ്യ സ്ഥാനങ്ങള്‍ പോലും അതീവ രഹസ്യമാക്കി വച്ചായിരുന്നു പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ആക്രമണം നടക്കുന്നതിന്റെ തലേദിവസമാണ് സംഘാംഗങ്ങളോട് പോലും ലക്ഷ്യ സ്ഥാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

വെളുപ്പിന് 3.30നായിരുന്നു ആക്രമണം. ശത്രുക്കള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്ന സമയമായിരുന്നു അത്. നിരവധി പഠനങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയുമാണ് സമയം നിശ്ചയിച്ചത്.

മൂന്ന് ലോഞ്ചിംഗ്‌ പാഡുകള്‍ നശിപ്പിക്കുകയും 29 തീവ്രവാദികളെ കൊല്ലുകയും ചെയ്തു. ലക്ഷ്വറി ത്വൊയ്ബ ഭീകരവാദികള്‍ക്ക് വലിയ തരത്തിലുള്ള നാശനഷ്ടങ്ങളാണ് 2016ലെ ഇന്ത്യന്‍ പ്രതിരോധ സേനയുടെ തന്ത്രപരമായ ആക്രമണത്തില്‍ ഉണ്ടായത്. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നായാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ വിശേഷിപ്പിക്കുന്നത്.

Top