Surgical strike; Russia stand with India

ന്യൂഡല്‍ഹി: പാക് അധീന കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നീക്കത്തിന് റഷ്യന്‍ പിന്തുണ. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് റഷ്യ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു.

യു.എന്‍ രക്ഷാ സമിതി അംഗവും വന്‍ സൈനിക ശക്തിയുമായ റഷ്യയുടെ പിന്തുണ ഇന്ത്യക്ക് കരുത്ത് പകര്‍ന്നിരിക്കുകയാണ്. തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിനൊപ്പമാണ് റഷ്യയെന്നാണ് പ്രസിഡന്റ് പുടിന്‍ വ്യക്തമാക്കിയിട്ടുള്ളത്.

സിറിയയില്‍ ഐ.എസിനെതിരെ സൈനിക മുന്നേറ്റം നടത്തുകയാണ് റഷ്യ. ഐ.എസിനെതിരെ ആക്രമണത്തിന് അമേരിക്കയും സഖ്യകക്ഷികളും പോലും മടിച്ചു നിന്നപ്പോഴാണ് റഷ്യ വ്യോമാക്രമണം നടത്തിയത്.

റഷ്യന്‍ സൈന്യവുമായി പാക് സൈനികര്‍ പാക്കിസ്ഥാനില്‍ സൈനികാഭ്യാസം നടത്തിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി വന്ന പുടിന്റെ പ്രതികരണം പാക് ഭരണകൂടത്തെയും സൈന്യത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

പാക്കിസ്ഥാന്‍ അനുകൂല നിലപാടെടുത്തിരുന്ന ചൈന പോലും ഇന്ത്യയുടെ സൈനിക നടപടിയെ തുടര്‍ന്ന് പാക്കിസ്ഥാനെ കാര്യമായി പിന്തുണക്കുന്നില്ല. പ്രശ്‌നത്തില്‍ ചൈന നിഷ്പക്ഷ നിലപാടിലേക്കു മാറുന്നതും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നുണ്ട്.

പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ചാല്‍ ഇന്ത്യന്‍ വിപണി നഷ്ടമാകുമെന്ന ആശങ്കയാണ് ചൈനക്കുള്ളത്. ചൈനീസ് ഉല്‍പ്പനങ്ങളുടെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. മാത്രമല്ല അമേരിക്കയും റഷ്യയുമടക്കമുള്ള സൈനിക ശക്തികള്‍ ഇന്ത്യക്ക് അനുകൂലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ എടുത്ത് ചാടി ഇന്ത്യക്കെതിരെ നിന്നാല്‍ അത് തിരിച്ചടിയാവുമെന്ന ഭയവും ചൈനീസ് ഭരണകുടത്തിനുണ്ട്.

നെഹ്‌റു പ്രധാനമന്ത്രിയായ കാഘട്ടം മുതല്‍ റഷ്യയുമായി മികച്ച നയതന്ത്ര ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. കമ്യൂണിസ്റ്റ് ഭരണം തകര്‍ന്ന ശേഷവും ഈ ബന്ധത്തിന് ഉലച്ചിലുണ്ടായിട്ടില്ല. ഇന്ത്യ-പാക് യുദ്ധകാലത്ത് അന്ന് പാക്കിസ്ഥാനെ പിന്‍തുണച്ചിരുന്ന അമേരിക്കയുടെ ഏഴാം പടക്കപ്പല്‍ വ്യൂഹത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തിരിച്ചയച്ചത് സോവിയറ്റ് യൂണിയന്റെ പടക്കപ്പലുകളായിരുന്നു. പഴയ സോവിയറ്റ് യൂണിയന്‍ ഇപ്പോഴില്ലെങ്കിലും ലോകത്തെ വന്‍ ശക്തികളില്‍ അമേരിക്കയോട് കിട പിടിക്കുന്ന ശേഷിയുള്ള രാജ്യമാണ് റഷ്യ.

അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇതിനകം തന്നെ ഇന്ത്യന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ഇസ്രായേലിനെതിരെ വ്യോമാക്രമണം നടത്താന്‍ പാക്ക് എയര്‍ഫോഴ്‌സിലെ പൈലറ്റുമാരെ അയച്ചതിനാല്‍ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്. ഇന്ത്യയുടെ കമാന്‍ഡോ ഓപ്പറേഷനുകള്‍ക്കുപോലും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ സഹായം ലഭിച്ചിട്ടുണ്ട്.

ഇന്ത്യക്ക് അന്താരാഷ്ട്രതലത്തില്‍ വര്‍ധിച്ച് വരുന്ന പിന്‍തുണയും സാര്‍ക് രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതുമെല്ലാം പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നയതന്ത്രതലത്തിലും ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്.

Top