Surgical strike-Bollywood-movie-Ramgopal Varma

മുംബൈ: പാക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ കമാന്‍ഡോ ഓപ്പറേഷന്‍ സിനിമയാകുന്നു. പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയാണ് ഇന്ത്യയുടെ അഭിമാനമായ പോരാട്ടത്തെ ദൃശ്യവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നത്.

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, സണ്ണി ഡിയോള്‍, ഋതിക് റോഷന്‍ എന്നിവരെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കമാന്‍ഡോ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ തന്നെ അത് ഭാഗികം മാത്രമായിരിക്കുമെന്നും എന്നാല്‍ സിനിമയില്‍ കമാന്‍ഡോ ഓപ്പറേഷന്‍ പൂര്‍ണ്ണമായി തന്നെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കുമെന്നുമാണ് സിനിമാ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യാ-പാക് യുദ്ധം പ്രമേയമാക്കി സണ്ണി ഡിയോളിനെ നായകനാക്കി 1997-ല്‍ പുറത്തിറങ്ങിയ ബോഡര്‍ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് കാര്‍ഗില്‍, ബേബി, മദ്രാസ് കഫേ, മലയാളി സംവിധായകനായ മേജര്‍ രവിയുടെ കാണ്ഡഹാര്‍, കീര്‍ത്തിചക്ര, മിഷന്‍ 90 ഡെയ്‌സ് തുടങ്ങി നിരവധി സിനിമകള്‍ ഇതേ വിഭാഗത്തിലായി പുറത്തിറങ്ങിയിട്ടുണ്ട്.

ഇവയില്‍ ഭൂരിപക്ഷവും ബോക്‌സാഫീസില്‍ റിക്കാര്‍ഡ് ഭേദിച്ച സിനിമകളായിരുന്നു.

ഈ സിനിമകളുടെയെല്ലാം വിജയ ചരിത്രത്തെ തകിടം മറിക്കുന്നതായിരിക്കും ഉറിയിലെ ആക്രമണത്തിന് ഇന്ത്യ പാക് മണ്ണില്‍ നല്‍കിയ മറുപടി ദൃശ്യവല്‍ക്കരിക്കപ്പെടുന്നതിലൂടെ സംഭവിക്കുകയെന്നാണ് ബോളിവുഡിന്റെ പ്രതീക്ഷ.

ഇന്ത്യയുടെ അഭിമാന ചിത്രത്തില്‍ ഭാഗവാക്കാവാന്‍ മുന്‍നിര നായകന്‍മാരില്‍ പലരും ഇപ്പോള്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. രാംഗോപാല്‍ വര്‍മ്മയ്ക്ക് പുറമെ മറ്റ് പ്രമുഖ സംവിധായകരും ഇതേ വിഷയം സിനിമയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ആരാണ് ആദ്യം ‘ഗോള’ടിക്കുകയെന്നാണ് ഇനി അറിയാനുള്ളത്.

ഇനി ഈ സിനിമയ്ക്ക് വേണ്ടി ബോളിവുഡില്‍ ‘യുദ്ധം’ നടക്കുമോയെന്ന സംസാരം വരെ സിനിമാക്കാര്‍ക്കിടയിലുണ്ട്. സൈനികരെയും സൈനിക ഉദ്യോഗസ്ഥരെയും സന്ദര്‍ശിക്കുന്നതോടൊപ്പം ഉറി ആക്രമണത്തില്‍ പങ്കെടുത്ത കമാന്‍ഡോകളെ കൂടി കണ്ടെത്തിയതിന് ശേഷമേ തിരക്കഥയിലേക്ക് കടക്കുവെന്നാണ് സൂചന.

ലോകം കാത്തിരിക്കുന്ന ദൃശ്യം സിനിമ വഴിയെങ്കിലും പുറത്ത് വിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

Top